• Stop the scam in Making

    "The only reasonable reason behind the implementation of Aadhaar is the business interests involved

  • Justice V R Krishna Iyer Release a Book against AADHAAR

    Aadhaar is an assault on privacy and basic rights of individuals. the project sounds fascist and should not be implemented" said the former Supreme Court Judge.

  • NUMBER OF CONTROVERSIES

    The Unique Identification number, “symbolic of the new and modern India”, is of questionable legality and viability. Aadhaar leaves many questions unanswered_ FRONTLINE cover story.

  • AADHAAR; How a Nation is deceived

    A devastating critique of India's Unique ID Project.

  • Dr. Usha Ramanathan

    The `panopticon state’, and the state as `Big Brother’, are images that capture the moment created by the UID project. That every resident should be transparent to the state is an anti-democratic idea, but the common reach of technology, and the corporatizing of public programming, has together lulled populations into an unsuspecting complaisance.

ആധാര്‍: 50,000 കോടിയുടെ പെരുംനുണ!

Wednesday, May 9, 2018 0 comments


വിവിധ ക്ഷേമപദ്ധതികള്‍ ആധാറുമായി ബന്ധിപ്പിച്ചതുമൂലം സര്‍ക്കാരിന്‌ സബ്‌സിഡിയിനത്തില്‍ ഉണ്ടായ ലാഭം ഏകദേശം 50,000 കോടി രൂപവരുമത്രേ. ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റിയുടെ സ്‌ഥാപക ചെയര്‍മാന്‍ നന്ദന്‍ നിലേകനിയുടെയും ഇപ്പോഴത്തെ സി.ഇ.ഒ. അജയ്‌ ഭൂഷണ്‍ പാണ്ഡേയുടെയും അവകാശവാദമാണിത്‌. കഴിഞ്ഞ മേയില്‍ കേന്ദ്രസര്‍ക്കാരിനുവേണ്ടി സുപ്രീം കോടതിയില്‍ എ.ജി. നല്‍കിയ കണക്കും ഇതുതന്നെ. ഇതിനു പിന്നിലെ വസ്‌തുതയെന്താണ്‌? ഇത്രയധികം ലാഭം ആധാര്‍കൊണ്ടു മാത്രം ഉണ്ടായിട്ടുണ്ടെങ്കില്‍ നമ്മുടെ സര്‍ക്കാര്‍ അനുദിനം സാമ്പത്തിക ഞെരുക്കത്തെക്കുറിച്ചു സൂചിപ്പിക്കുകയും ക്ഷേമപദ്ധതി ആനുകൂല്യങ്ങള്‍ വൈകിപ്പിക്കുകയും വെട്ടിക്കുറയ്‌ക്കുകയും ചെയ്യുന്നത്‌ എന്തുകൊണ്ടാണ്‌? പരിശോധിക്കാം; ഗവ. രേഖകള്‍ മാത്രം പരിഗണിച്ച്‌. 2016 ഡിസംബര്‍ 31 വരെയുള്ള കണക്കുപ്രകാരം ആകെ ലാഭം 49,560 കോടി രൂപയെന്നാണ്‌ വിവരസാങ്കേതിക മന്ത്രാലയം പാര്‍ലമെന്റില്‍ ചോദ്യത്തിനു മറുപടിയായി അറിയിച്ചത്‌. ഇതില്‍ 26,408 കോടി പാചക വാതക സബ്‌സിഡി ഇനത്തിലും 14,000 കോടി പൊതു വിതരണ സംവിധാനത്തില്‍നിന്നും 7633 കോടി തൊഴിലുറപ്പു പദ്ധതിയില്‍നിന്നും 1519 കോടി രൂപ മറ്റു പദ്ധതികളില്‍ നിന്നുമാണ്‌. പാചക വാതക സബ്‌സിഡിയിനത്തിലെ ലാഭം 2014-15 ല്‍ 14,672 കോടിയും 2015-16ല്‍ 6,912 കോടിയും 2016-17ല്‍ 4,824 കോടി രൂപയുമാണ്‌. ലാഭം കണക്കാക്കിയ രീതികൂടി പരിശോധിക്കേണ്ടതുണ്ട്‌. ഒരു വര്‍ഷം ഒരു വീടിന്‌ അനുവദിച്ചിട്ടുള്ള പരമാവധി സിലിണ്ടറുകളുടെ എണ്ണമായ 12 കൊണ്ട്‌ ഒരു വര്‍ഷത്തെ ശരാശരി സബ്‌സിഡി നിരക്കിനെ ഗുണിച്ച്‌ അതിനെ ഒരു വര്‍ഷം ആകെ റദ്ദു ചെയ്‌തിട്ടുള്ള കണക്ഷനുകളുടെ എണ്ണവുമായി വീണ്ടും ഗുണിക്കുകയായിരുന്നു. ഈ കണക്കുകൂട്ടലില്‍ പല പ്രശ്‌നങ്ങളുണ്ട്‌. ഒന്ന്‌: 2014 നവംബറിലാണ്‌ ആധാര്‍ അധിഷ്‌ഠിത സബ്‌സിഡി വിതരണം ആരംഭിച്ചത്‌. 2010 മുതല്‍ പാചകവാതക ഗുണഭോക്‌തൃ പട്ടികയിലെ ഇരട്ടിപ്പുകള്‍ കണ്ടെത്തി ഇല്ലാതാക്കുന്ന പ്രക്രിയ (ഡീഡൂപ്ലിക്കേഷന്‍)ഉണ്ടായിരുന്നു. അത്തരത്തില്‍ റദ്ദാക്കപ്പെട്ട കണക്ഷനുകള്‍ കൂടി ആധാര്‍ മൂലമുള്ള ലാഭക്കണക്കില്‍പ്പെടുത്തിയിരിക്കുന്നു. രണ്ട്‌, ഇന്ത്യയില്‍ ഒരു കുടുംബത്തിന്റെ ശരാശരി പാചകവാതക സിലിണ്ടര്‍ ഉപയോഗം 6.27 ആണെന്നു സി.എ.ജി. റിപ്പോര്‍ട്ട്‌തന്നെ പറയുന്നു. മറിച്ചായിരുന്നുവെങ്കില്‍ കൊമേഴ്‌സ്യല്‍ സിലിണ്ടറുകളുടെ വില്‍പ്പനയില്‍ ആനുപാതിക വര്‍ധന ഉണ്ടാകേണ്ടതായിരുന്നു. അപ്പോള്‍ 12 കൊണ്ടുള്ള ഗുണനം തെറ്റാണെന്നു കാണാം. മൂന്ന്‌, സബ്‌സിഡി സ്വയം ഉപേക്ഷിച്ച ആളുകളുടെ എണ്ണം ഇതില്‍നിന്നു കുറവു ചെയ്യേണ്ടതുണ്ട്‌. നാല്‌, സബ്‌സിഡിയിനത്തില്‍ ഉണ്ടായ ലാഭത്തിന്റെ 92 ശതമാനവും അസംസ്‌കൃത എണ്ണവിലയില്‍ ഉണ്ടായ കുറവു മൂലമാണ്‌. സി.എ.ജി. റിപ്പോര്‍ട്ടിലെ പേജ്‌ 50ല്‍ ഇത്‌ വ്യക്‌തമായി പറയുന്നുണ്ട്‌. അങ്ങനെ നോക്കിയാല്‍ ആകെ ലാഭം 1763.93 കോടിയാണ്‌. അഞ്ച്‌, 2015 നവംബര്‍ 30ലെ ക്യാബിനറ്റ്‌ സെക്രട്ടറിയുടെ കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്ന കാര്യമാണ്‌. ഇരട്ടിപ്പു നീക്കം ചെയ്യുന്നത്‌ മാസാടിസ്‌ഥാനത്തിലാണ്‌. മാസാമാസം സബ്‌സിഡി ഇനത്തിലും വ്യതിയാനം ഉണ്ടാകുന്നു. അതുകൊണ്ട്‌ ഒരു വര്‍ഷം ആകെ കണ്ടെത്തിയ ഇരട്ടിപ്പുകളുടെ എണ്ണത്തെ ശരാശരി സബ്‌സിഡി കൊണ്ടു ഗുണിക്കുന്നത്‌ വളരെ വലിയ ലാഭക്കണക്കുകളിലേക്കെത്തിക്കും. ഓരോ മാസത്തെയും കണക്ക്‌ പ്രത്യേകം എടുത്ത്‌ ആകെ ലാഭം കൂട്ടി നോക്കേണ്ടിയിരുന്നു. അതു പ്രകാരം ലാഭം വെറും 91 കോടി രൂപ മാത്രമാണ്‌. ആറ്‌, ഇതുവരെ നാം ലാഭം കണക്കാക്കിയത്‌ ആധാര്‍ പദ്ധതി പ്രാബല്യത്തില്‍വരുത്താനുള്ള ചെലവു കണക്കിലെടുക്കാതെയാണ്‌. ഇതുകൂടി പരിഗണിച്ച്‌ ഐ.ഐ.എസ്‌.ഡി. എന്ന കനേഡിയന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ ആധാര്‍ ബന്ധിപ്പിക്കുന്നതുമൂലം ഉണ്ടായിരിക്കുന്നത്‌ 97 കോടി രൂപയുടെ നഷ്‌ടമാണ്‌. റിസര്‍വ്‌ ബാങ്കിന്റെ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ ഡെവലപ്‌മെന്റ്‌ ആന്‍ഡ്‌ റിസര്‍ച്ച്‌ ഇന്‍ ബാങ്കിങ്‌ ടെക്‌നോളജി പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ട്‌. 50,000 കോടി രൂപയുടെ കണക്കില്‍ രണ്ടാമത്തെ വലിയ ഭാഗം പൊതു വിതരണ സംവിധാനത്തില്‍ നിന്നുമാണ്‌. 2.33 കോടി ഡൂപ്ലിക്കേറ്റ്‌ റേഷന്‍ കാര്‍ഡുകള്‍ കണ്ടെത്തിയതിലൂടെ 14,000 കോടി രൂപ ലാഭിച്ചു എന്നായിരുന്നു വാദം. 2016 സെപ്‌റ്റംബര്‍ 15ന്‌ ഭക്ഷ്യ സെക്രട്ടറിയുടെ കോണ്‍ഫറന്‍സില്‍ പറയുന്നതുപോലെ കമ്പ്യൂട്ടര്‍ വത്‌കരണത്തിലൂടെ കണ്ടെത്തിയ ഇരട്ടിപ്പുകളും സാമ്പത്തിക നിലയില്‍ വന്ന മാറ്റം മൂലം (ബി.പി.എല്‍/എ.പി.എല്‍) സംഭവിച്ച കുറവും സ്‌ഥലം മാറ്റവും മരണവും കുടിയേറ്റവും ആധാര്‍ അധിഷ്‌ഠിത ഡീഡ്യൂപ്ലിക്കേഷനും എല്ലാം ചേര്‍ന്നതാണ്‌ ഈ 2.33 കോടി. പാര്‍ലമെന്റില്‍ സര്‍ക്കാര്‍ നല്‍കിയ മറുപടി പ്രകാരം ആധാര്‍ സീഡിങ്‌ ആരംഭിച്ചിട്ടേയില്ലാത്ത അസമില്‍ 72,746 റേഷന്‍ കാര്‍ഡുകളാണ്‌ റദ്ദാക്കപ്പെട്ടത്‌. 100% ആധാര്‍ സീഡിങ്‌ നടത്തിയ കേരളത്തില്‍ ഒരു കാര്‍ഡ്‌ പോലും റദ്ദാക്കപ്പെട്ടിട്ടുമില്ല. അതില്‍നിന്ന്‌ 14,000 കോടിയുടെ അവകാശവാദം അസംബന്ധമാണെന്നു വ്യക്‌തം. തൊഴിലുറപ്പു പദ്ധതിയിലോ മറ്റു പരിപാടികളിലോ ഉണ്ടായിട്ടുള്ള ലാഭം എങ്ങനെ കണക്കാക്കിയെന്ന്‌ വിവരാവകാശ നിയമപ്രകാരം ആരാഞ്ഞിട്ടും സര്‍ക്കാര്‍ ഉത്തരം നല്‍കിയിട്ടില്ല. അതിനര്‍ഥം പാചകവാതക സബ്‌സിഡിയിലും പൊതുവിതരണ സംവിധാനത്തിലും നല്‍കിയതുപോലുള്ള കണക്കുകള്‍ പോലും സര്‍ക്കാരിന്റെ അവകാശവാദങ്ങളെ സാധൂകരിക്കാന്‍ നിലവിലില്ല എന്നാണ്‌. കോടികള്‍ മുടക്കി നടപ്പാക്കിയ ആധാര്‍ പദ്ധതികൊണ്ട്‌ സര്‍ക്കാരിനോ ജനത്തിനോ നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ല എന്ന്‌ സര്‍ക്കാര്‍രേഖകളില്‍നിന്നുതന്നെ വ്യക്‌തം. ആയിരങ്ങളാണ്‌ ആധാര്‍ ഇല്ലാത്തതിന്റെ പേരിലും ഉണ്ടായിരുന്നിട്ടും പല സേവനങ്ങളുമായി ബന്ധിപ്പിക്കാന്‍ കഴിയാത്തതിന്റെ പേരിലും റേഷനും പെന്‍ഷനും ചികിത്സയും നിഷേധിക്കപ്പെട്ടു നരകിക്കുന്നത്‌. കുട്ടികള്‍ വിശന്നു മരിക്കുമ്പോള്‍ ഓരോ മരണവും ആധാര്‍ ഡീഡൂപ്ലിക്കേഷന്റെ ലാഭക്കണക്കിലെഴുതിച്ചേര്‍ത്ത്‌ ഭരണകൂടം ആനന്ദിക്കുകയാണ്‌. 50,000 കോടിയുടെ നുണ ആവര്‍ത്തിക്കപ്പെടുകയാണ്‌.

published in Mangalam Daily: http://www.mangalam.com/news/detail/177685-opinion.html

read more from P B Jijeesh at pbjijeesh.in

ആധാര്‍ വീണ്ടും കോടതിയിലെത്തുമ്പോള്‍

0 comments

ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയ്യതി അനിശ്ചിത കാലത്തേക്ക് മാറ്റി വച്ചുകൊണ്ട് ഗവണ്മെന്റ് മുന്നോട്ടു വന്നു. ഒരു ഇടക്കാല ഉത്തരവിനെ തടയാനും കേസ് നീട്ടി വയ്ക്കാനുമുള്ള ഒരു അവസാനവട്ട ശ്രമമായിട്ടേ ഇതിനെ കാണാന്‍ കഴിയൂ. പെന്‍ഷനും ചികിത്സാ സഹായവും ഉച്ചക്കഞ്ഞിയും ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കപ്പെട്ടതുമൂലം ഏറ്റവും പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് അതു നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, കുഞ്ഞുങ്ങള്‍ വിശന്നു മരിക്കുമ്പോള്‍, ബാങ്ക് അക്കൗണ്ട് ലിങ്കിംഗിന്റെ അവസാന തിയ്യതി നീട്ടി വച്ചു എന്നത് ഇടക്കാല ഉത്തരവിടാതിരിക്കാന്‍ ഒരു കാരണമായിക്കൂട. ഒരു മനുഷ്യാവകാശ ദിനം കൂടി കടന്നു പോകുമ്പോള്‍ നമ്മുടെ പരമോന്നത നീതിപീഠം ചെവികൊടുക്കേണ്ടത് ആധാറിന്റെ വര്‍ണാഭമായ പ്രചാരണ കോലാഹലങ്ങള്‍ക്കപ്പുറം ഉയരുന്ന അശരണരുടെ രോദനങ്ങള്‍ക്കാണ്. തിരുത്തേണ്ടത് ഭരണഘടനയ്ക്കും കോടതിവിധികള്‍ക്കും പുല്ലുവിലപോലും നല്‍കാത്ത അധികാരി വര്‍ഗത്തിന്റെ ധാര്‍ഷ്ട്യത്തെയാണ്.

ആധാര്‍ കേസില്‍ ഭരണഘടനാബെഞ്ച് രൂപീകരിക്കാതെ നവംബര്‍ മാസവും കടന്നുപോയി. 851 ദിവസങ്ങള്‍ പിന്നിടുന്നു, ഭരണഘടനാബെഞ്ച് രൂപീകരിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചിട്ട്. 2 വര്‍ഷവും 3 മാസവും 21 ദിവസവും. അവസാനമായി ആധാര്‍ കേസില്‍ കോടതി വാദം കേട്ടു എന്ന് പറയാവുന്നത് 2015 ആഗസ്ത് മാസത്തിലാണ്. രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന, നമ്മുടെ വ്യവസ്ഥിതിയുടെ തന്നെ ഭാഗധേയം നിര്‍ണയിക്കാന്‍ പോന്ന ഒരു ബൃഹത് പദ്ധതിയുടെ ഭരണഘടനാ സാധുതയാണ് പരിശോധിക്കപ്പെടേണ്ടത്. 2015ലെ വിധിയ്ക്ക് വിരുദ്ധമായി ആധാറിന്റെ പേരില്‍ കുഞ്ഞുങ്ങള്‍ വിശന്നു മരിക്കുകയും, വാര്‍ദ്ധക്യ കാല ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുകയും, ചികിത്സ കിട്ടാതിരിക്കുകയും ബാങ്ക് അകൗണ്ടുകള്‍ കൊള്ളയടിക്കപ്പെടുകയും ഒക്കെ ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ് ഈ കാലവിളംബം. എന്തായാലും അവസാനം ഒരു ഇടക്കാല ഉത്തരവിനായി ഇന്ന് കേസ് ഭരണഘടനാ ബഞ്ച് വാദത്തിനെടുക്കുന്നു. ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര, ജസ്റ്റിസുമാരായ എ കെ സിക്രി, എ എം ഖന്‍വില്‍ക്കര്‍,ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുക. ആധാര്‍ കേസില്‍ 2013-ലിം 2015-ലും ഇടക്കാല ഉത്തരവുകള്‍ പുറപ്പെടുവിച്ച ബഞ്ചിന് നേതൃത്വം നല്കിയ ജസ്റ്റിസ് ചലമേശ്വരിന്റെ അഭാവം ശ്രദ്ധേയമാണ്. ഇനി രണ്ടു പ്രവര്‍ത്തി ദിനങ്ങള്‍ കൂടിയേ ഈ വര്‍ഷം സുപ്രീം കോടതിയ്‌ക്കൊള്ളൂ. അതിനു മുന്‍പ് ഒരു തീരുമാനം ഉണ്ടാകേണ്ടതുണ്ട്. ഒരു ഇടക്കാല ഉത്തരവാണ് കോടതിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ചുരുങ്ങിയ പക്ഷം 2015-ലെയും 2016-ലെയും ഉത്തരവുകള്‍ ഗവണ്മെന്റ് പാലിക്കണം എന്ന നിര്‍ദ്ദേശമെങ്കിലും ഉണ്ടായേതീരു.

         2012ലാണ് മുന്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ്. പട്ടുസാമി ആധാറിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നത്. പദ്ധതി സ്വകാര്യതയെ ഹനിക്കുന്നു എന്നായിരുന്നു പരാതി. പിന്നീട് നിരവധി ഹര്‍ജികള്‍ വന്നു. എല്ലാ പരാതികളും ഒരുമിച്ച് സുപ്രീം കോടതി വാദം കേള്‍ക്കെയാണ്, കേസു തോല്ക്കുമെന്ന് തോന്നിയതുകൊണ്ടാകാം, സ്വകാര്യത മൗലീകാവകാശമല്ലെന്ന ഞെട്ടിപ്പിക്കുന്ന വാദവുമായി കേന്ദ്ര ഗവണ്മെന്റു വന്നത്. പിന്നെ അതു പരിശോധിക്കാന്‍ 9 അംഗ ഭരണഘടനാ ബഞ്ച് വേണമെന്നായി. അങ്ങനെ പോയി 2 വര്‍ഷം. ഒടുവില്‍ ഭരണഘടനാ ബഞ്ച് ഐകകണ്‌ഠേന, സ്വകാര്യത മൗലീകാവകാശമാണെന്നും, ഭരണഘടനയുടെ ഹൃദയമാണെന്നും വിധിയെഴുതി. അധാര്‍ കേസില്‍ മുന്‍പ് വാദം കേട്ടുകൊണ്ടിരുന്ന 3 അംഗ ബഞ്ച് തന്നെ തീര്‍പ്പു കല്പ്പിക്കണമെന്നും ജസ്റ്റിസ് നരിമാന്റെ വിധിയിലുണ്ടായിരുന്നു. എന്നാല്‍ ആധാര്‍ കേസിന്റെ തുടര്‍വാദവും ഭരണഘടനാ ബഞ്ച് പരിഗണിക്കണമെന്നായി ഗവണ്മെന്റ് . അങ്ങനെയാണ് നവംബര്‍ അവസാനവാരം ഭരണഘടനാ ബഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞത്.

     ഈ അവസരത്തില്‍ 2012 മാര്‍ച്ച് 8ന് ഫ്രഞ്ച് ഭരണഘടനാ കോടതി (French Constitutional Council), ഫ്രാന്‍സില്‍ അന്ന് നിലവിലുണ്ടായിരുന്ന ബയോമെട്രിക് ഐഡന്റിറ്റി പദ്ധതി ഭരണഘടനാവിരുദ്ധമാണെന്നു വിധിച്ച കാര്യം ഓര്‍ക്കുന്നു. സ്വകാര്യതാ വിധിയില്‍ നമ്മുടെ സുപ്രീം കോടതിയും എടുത്തു പറഞ്ഞ 'ആനുപാതികത (proportionality)' ആണ് ഫ്രഞ്ചു കൗണ്‍സിലും പരിഗണിച്ചത്. വിധിയില്‍ നിന്ന്: "The collection, regitsration, preservation, consultation and communication of personal data have to be justified by a general interest reason and carried put properly and proportionally. Regarding the nature of the recorded data, the range of thtereatment, the technical characteristics and conditions of the consultation, the provisions of article touch the right to privacy in a way that cannot be considered as proportional to the meant purpose." ഉദ്ദേശ്യ ലക്ഷ്യത്തിന് ആനുപാതികമായ പരിപാടിയല്ല ഇത് എന്നു സാരം.

      പ്രപ്പോര്‍ഷണാലിറ്റിയേക്കുറിച്ച് സ്വകാര്യത വിധിയിലും വിശദീകരിക്കുന്നുണ്ട്. ലക്ഷ്യങ്ങളും അതിനുവേണ്ടി സ്വീകരിക്കുന്ന നടപടികളും തമ്മില്‍ ഒരു യുക്തിസഹമായ ബന്ധമുണ്ടായിരിക്കണം. എന്നു മാത്രമല്ല ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ മറ്റു മെച്ചപ്പെട്ട മാര്‍ഗങ്ങള്‍ ഇല്ല എന്നും സ്ഥാപിക്കാന്‍ കഴിയണം. കൂടാതെ, ആധാര്‍ ആക്ട് സ്വകാര്യതയെ ലംഘിക്കുന്നെങ്കില്‍ അത് ന്യായവും, നീതിപൂര്‍വകവും, യുക്തിസഹവുമാണെന്നു കൂടി സ്ഥാപിക്കാനാകണം. ഈ മാനദണ്ഡങ്ങളില്‍ ഏതു പരിഗണിച്ചാലും ആധാര്‍ പരാജയപ്പെടും എന്നാണ് ഞാന്‍ കരുതുന്നത്.

  കാരണം ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങളായ വിരലടയാളവും, കണ്ണിന്റെ സ്‌കാനും എല്ലാം നിബന്ധപൂര്‍വം ശേഖരിച്ചു സൂക്ഷിച്ച് വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതുകൊണ്ടുതന്നെ ഇത് വ്യക്തിയുടെ സ്വകാര്യതയെ ബാധിക്കുന്നതാണ്. സെന്‍സസ് ആക്ടില്‍ എന്നല്ല പ്രിസണ്‍സ് ആക്ടില്‍ പോലും നല്‍കുന്ന സ്വകാര്യതാ പരിരക്ഷകള്‍ ആധാറിലില്ല. 1948-ലെ സെന്‍സന്‍ ആക്ടില്‍, സെക്ഷന്‍ 15 പ്രകാരം സെന്‍സസിന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങള്‍ പരിശോധനയ്ക്കായി ഏതെങ്കിലും ഏജന്‍സിക്കു നല്‍കുവാനോ, കോടതികളില്‍ തെളിവായി സ്വീകരിക്കാനോ കഴിയില്ല. പ്രിസണേഴ്‌സ് ആക്ട് 1920, സെക്ഷന്‍ 7 അനുസരിച്ച് ഒരു കുറ്റവാളി മോചിതനാകുന്ന ദിവസം അയാളുടെ അളവുകളും ഫോട്ടോയും ഒപ്പും മറ്റു വിവരങ്ങളുമെല്ലാം നശിപ്പിച്ചിരിക്കണം എന്നു പറയുന്നു. ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ഉണ്ടെങ്കില്‍ മാത്രമേ അവ സൂക്ഷിക്കുവാന്‍ കഴിയൂ. ജയില്‌മോചിതര്‍ക്കു കിട്ടുന്ന പരിരക്ഷ പോലും ഇല്ലാതെയാണ് രാജ്യത്തെ മുഴുവന്‍ ജനങ്ങളും ആധാര്‍ പദ്ധതിയ്ക്കു കീഴില്‍ കഴിയേണ്ടി വരിക. സമഗ്രമായ വിവരസംരക്ഷണ ചട്ടകൂടുകള്‍ നിലവിലില്ലാത്ത നമ്മുടെ രാജ്യത്ത് ഒരു തരത്തിലും നിയമപരമായി പ്രതിരോധിക്കാനാകുന്നതല്ല ഇത്തരം പദ്ധതികളെ. ആധാര്‍ പദ്ധതിയേക്കുറിച്ചു പഠിച്ച പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മറ്റി 2011-ല്‍ തന്നെ പദ്ധതിക്കെതിരെ നിലപാട് വ്യക്തമാക്കുകയും 2010-ലെ നിയമം തിരിച്ചയക്കുകയും ചെയ്തതാണ്.

വിവിധ സ്വകാര്യ കമ്പനികള്‍ക്കു വരെ നമ്മുടെ വിലപ്പെട്ട വിവരങ്ങള്‍ കയ്യടക്കുവാന്‍ സഹായകമാം വിധമാണ് ആധാര്‍ പദ്ധതിയുടെ ഘടന. ഒരു വ്യക്തിയുടെ വിരലടയാളം അയാളുടെ അറിവോ സമ്മതമോ ഇല്ലാതെ ഉപയോഗിച്ച് എയര്‍ട്ടല്‍ മൊബൈല്‍ കമ്പനി പേയ്‌മെന്റ് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുകയും അനേകായിരം പേരുടെ സംബ്‌സിഡിയും മറ്റ് ആനുകൂല്യങ്ങളും അതിലേക്ക് പോകുകയും ചെയ്യുന്ന സാഹചര്യമുണ്ടായി. ഇത്തരത്തില്‍ 47 കോടി രൂപ എയര്‍ട്ടല്‍ അക്കൗണ്ടുകളിലേക്ക് മാത്രം പോയി എന്നാണ് കണക്ക്. ആധാര്‍ ജിയോ നമ്പറുമായി ബന്ധിപ്പിച്ചവരുടെ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ പരസ്യമായിരുന്നു. ആധാര്‍ നമ്പറും വിവരടയാളവും അനധികൃതമായി സൂക്ഷിച്ച് പിന്നീട് ഉപഭോക്താവ് അറിയാതെ ഇടപാടുകള്‍ നടത്തിയതിന് ആക്‌സിസ് ബാങ്കും എ-മുദ്രയും സുവിധ ഇന്‍ഫോസിസും അന്വേഷണം നേരിടുകയാണ്.
ഏകീകൃത തിരിച്ചറിയല്‍ അഥോറിറ്റി (ഡകഉഅക) പറയുന്നത് അവര്‍ വളരെ കുറച്ച് വിവരങ്ങള്‍ മാത്രമേ ശേഖരിക്കുന്നുള്ളൂവെന്നും ആ വിവരങ്ങള്‍ ആധാര്‍ ആക്റ്റ് പ്രകാരം പങ്കു വയ്ക്കാനോ മറ്റ് ഡേറ്റാബേസുകളുമായി ബന്ധിപ്പിച്ച് ആളുകളുടെ വിവരങ്ങല്‍ സമാഹരിക്കാനൊ കഴിയില്ല എന്നുമാണ്. എന്നാല്‍ ഇതിനായി സംസ്ഥാന തലത്തില്‍ സമാന്തര വിവരസഞ്ചയങ്ങള്‍ (സ്റ്റേറ്റ് റസിഡബ്റ്റ് ഡേറ്റ ഹബ്ബ് അഥവാ എസ്.ആര്‍.ഡി.എച്ച്) ഉണ്ടാക്കി അവ വിവിധ സേവനങ്ങളുമായി ബന്ധപ്പെടുത്തി ഒരു സര്‍വൈലന്‍സ് സംവിധാനമാക്കി മാറ്റുകയാണ്. എസ്.ആര്‍.ഡി.എച്ചുകള്‍ ആധാര്‍ ആക്ടിന്റെ പരിധിയില്‍ വരുന്നവയല്ല.

ജാര്‍ഖണ്ഡില്‍, ആധാര്‍ ഇല്ലാത്തതുകൊണ്ട് റേഷന്‍ കാര്‍ഡ് റദ്ദാക്കപ്പെട്ടഒരു ദളിത് കുടുംബത്തിലെ പതിനൊന്നു വയസുകാരി വിശക്കുന്നു എന്നു കരഞ്ഞുകൊണ്ട് മരിച്ചുവീണ നാട്ടില്‍ ആധാര്‍ പാവങ്ങളെ സഹായിക്കാനാണെന്നും പറഞ്ഞു വരുന്നത് കാപട്യമാണ്. ആധാര്‍ ഇല്ലാത്തതുകൊണ്ട് നഷ്ടപരിഹാരം ലഭിക്കതെ പോകുന്ന ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകള്‍, പെന്‍ഷനും, ചികിത്സയും, വിദ്യാഭ്യാസ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടൂന്നവര്‍, തൊഴിലുറപ്പു പദ്ധതിയില്‍ പണിയെടുത്തിട്ടും കൂലി കിട്ടാത്തവര്‍, കാര്‍ഷിക കടാശ്വാസത്തിന് തെരഞ്ഞെടുക്കപ്പെട്ടിട്ടും ആധാര്‍ ഡേറ്റാബേസിലെ പിഴവൂമൂലം കടാശ്വാസം ലഭിക്കാത്തവര്‍, ഇവരെല്ലാമാണ് ആധാറിന്റെ ഇരകള്‍. ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തതുകൊണ്ടു മാത്രം പണം നഷ്ടപ്പെട്ടവരും കബളിക്കപ്പെട്ടവരും ഈ നാട്ടുകാരാണ്. ആധാര്‍ ഹനിക്കുന്നത് രാജ്യത്തെ ഏറ്റവും ദുര്‍ബലരായ മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തെത്തന്നെയാണ്.

അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന് ഘടക വിരുദ്ധമായാണ് ആധാര്‍ മുന്നോട്ടു പോകുന്നത്. ഭോപ്പാല്‍ ദുരന്തബാധിതര്‍ക്കുവരെ നഷ്ടപരിഹാരത്തിന് വരെ ആധാര്‍ നിര്‍ബന്ധമാക്കുക വഴി പ്രഖ്യാപനത്തിലെ പ്രതിവിധികള്‍ക്കുള്ള അവകാശത്തെ(ആര്‍ട്ടിക്കിള്‍ 8), സ്വകാര്യതയെക്കെതിരെ (ആര്‍ട്ടിക്കിള്‍ 12), ആധാറില്ലാത്തവരുടെ മൊബൈല്‍ കണക്ഷന്‍ റദ്ദാക്കുന്നതിലൂടെ സംസാര സ്വാതന്ത്ര്യത്തെ (ആര്‍ട്ടിക്കിള്‍ 19), ആധാറില്ലാത്തവര്‍ക്ക് പെന്‍ഷനും ഇ.പി.എഫും നിഷേധിക്കുന്നതിലൂടെ സമ്മൊഹ്യസുരക്ഷയ്ക്കുള്ള അവകാശത്തെ (ആര്‍ട്ടിക്കിള്‍ 22) , ആധാര്‍ ഇല്ലാത്തവര്‍ക്ക് റേഷനും ഉച്ചക്കഞ്ഞിയും നിഷേധിക്കുന്നതിലൂടെ ഭക്ഷണത്തിനുള്ള അവകാശത്തെ (ആര്‍ട്ടിക്കിള്‍ 25), വിവിധ ഹൗസിംഗ് പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിലൂടെയും ചികിത്സ നിഷേധിക്കുന്നതിലൂറ്റെയും ആര്‍ട്ടിക്കിള്‍ 25, സ്‌കോളര്‍ഷിപ്പുകള്‍ക്കും സര്‍വ ശിക്ഷ അഭിയാനും നിര്‍ബന്ധമാക്കിയതിലൂടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തെ (ആര്‍ട്ടിക്കിള്‍ 26), തൊഴിലുറപ്പ് പദ്ധതിക്കും മറ്റു സ്വയം തൊഴില്‍ പദ്ധതികള്‍ക്കും നിര്‍ബന്ധമാക്കുന്നതിലൂടെ തൊഴില്‍ ചെയ്യാനുള്ള അവകാശത്തെ (ആര്‍ട്ടിക്കിള്‍ 25). അങ്ങനെ മനുഷ്യാവകാശ തത്വങ്ങളെ അപഹസിക്കുന്ന പദ്ധതിയായി മാറിയിരിക്കുന്നു ആധാര്‍.

ഇതിനിടയില്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയ്യതി അനിശ്ചിത കാലത്തേക്ക് മാറ്റി വച്ചുകൊണ്ട് ഗവണ്മെന്റ് മുന്നോട്ടു വന്നു. ഒരു ഇടക്കാല ഉത്തരവിനെ തടയാനും കേസ് നീട്ടി വയ്ക്കാനുമുള്ള ഒരു അവസാനവട്ട ശ്രമമായിട്ടേ ഇതിനെ കാണാന്‍ കഴിയൂ. പെന്‍ഷനും ചികിത്സാ സഹായവും ഉച്ചക്കഞ്ഞിയും ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കപ്പെട്ടതുമൂലം ഏറ്റവും പരിഗണന അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ക്ക് അതു നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, കുഞ്ഞുങ്ങള്‍ വിശന്നു മരിക്കുമ്പോള്‍, ബാങ്ക് അക്കൗണ്ട് ലിങ്കിംഗിന്റെ അവസാന തിയ്യതി നീട്ടി വച്ചു എന്നത് ഇടക്കാല ഉത്തരവിടാതിരിക്കാന്‍ ഒരു കാരണമായിക്കൂട. ഒരു മനുഷ്യാവകാശ ദിനം കൂടി കടന്നു പോകുമ്പോള്‍ നമ്മുടെ പരമോന്നത നീതിപീഠം ചെവികൊടുക്കേണ്ടത് ആധാറിന്റെ വര്‍ണാഭമായ പ്രചാരണ കോലാഹലങ്ങള്‍ക്കപ്പുറം ഉയരുന്ന അശരണരുടെ രോദനങ്ങള്‍ക്കാണ്. തിരുത്തേണ്ടത് ഭരണഘടനയ്ക്കും കോടതിവിധികള്‍ക്കും പുല്ലുവിലപോലും നല്‍കാത്ത അധികാരി വര്‍ഗത്തിന്റെ ധാര്‍ഷ്ട്യത്തെയാണ്.

ആധാറുമായി ബാങ്കിലേക്ക് ഓടണോ?

0 comments

ആളുകള്‍ നെട്ടോട്ടമോടുകയാണ്, ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ബാങ്ക് അക്കൗണ്ട് റദ്ദായിപ്പോകും എന്നാണ് ഭീഷണി. ഒരു ദിവസം ഒന്നു വീതം മൂന്നു നേരം ആഹാരത്തിനു മുന്‍പും ആഹാരത്തിനു ശേഷവും ഭീഷണി മെസേജുകള്‍ വരുന്നുണ്ട്. എ ടി എമ്മില്‍ കയറിയാലും, ഇന്റര്‍നെറ്റ് ബാങ്കിങ്ങിനു ശ്രമിച്ചാലും, ബാങ്കില്‍ പോയാലുമെല്ലാം ഭീഷണിപത്രങ്ങള്‍ മുന്‍പില്‍ തെളിയും. പുതിയ ബാങ്ക് അക്കൗണ്ടു തുറക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാണെന്ന് പറയുന്നു. ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം ഒന്നും പുറപ്പെടുവിച്ചിട്ടില്ല എന്ന് വിവരാവകാശപ്രകാരമുള്ള മറുപടി ലഭിക്കുന്നു. ഞങ്ങള്‍ പറഞ്ഞിട്ടില്ലെങ്കിലും 'ബാധകമായ സന്ദര്‍ഭങ്ങളി'ലെല്ലാം ആധാര്‍ നിര്‍ബന്ധമാണെന്ന് റിസര്‍വ് ബാങ്കിന്റെ ക്ലാരിഫിക്കേഷന്‍ വരുന്നു. ആകെ ജഗപൊകയാണ്. ജനങ്ങള്‍ എന്തു ചെയ്യുമെന്നറിയാതെ പകച്ചു നില്‍ക്കുന്നു. യാഥര്‍ത്ഥ്യം എന്താണ് ?
RTI Reply from Reserve Bank of India
RBI-Clarification-on RTI


ആധാര്‍-ബാങ്ക് അക്കൗണ്ട് ബാന്ധവം ആരംഭിക്കുന്നത് 2010 മുതലാണ്. യതൊരു വെരിഫിക്കേഷനുമില്ലാത്ത ആധാര്‍ ഒരു ഐ ഡി പ്രൂഫ് ആയി ആദ്യ ഘട്ടതില്‍ ആര്‍ ബി ഐ അംഗീകരിച്ചിരുന്നില്ല. എന്നാല്‍ 2010 ഡിസംബര്‍ 16ന് പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് (പി എം എല്‍ ആക്ട്) ല്‍ വരുത്തിയ ഭേദഗതികള്‍ വഴി ആധാര്‍ 'ചെറുകിട അക്കൗണ്ടുകള്‍' തുറക്കുന്നതിന് ഉപയോഗിക്കാന്‍ തീരുമാനമായി. അത്തരം അക്കൗണ്ടുകളില്‍ വര്‍ഷത്തില്‍ ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ ക്രയവിക്രയം നടത്തുവാന്‍ പാടില്ല, ഒരു സമയത് 50,000 രൂപയില്‍ കൂടുതല്‍ ബാലന്‍സ് ഉണ്ടാകാന്‍ പാടില്ല, മാസം 10000 രൂപയില്‍ കൂടുതല്‍ നിക്ഷേപം പാടില്ല. അങ്ങനെ ഒരുപാട് നിയന്ത്രണങ്ങള്‍ ഉണ്ട്. എന്നാല്‍ ഗവണ്മെന്റ് സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് 2011-ല്‍ ആര്‍ ബി ഐ ഈ നിയന്ത്രണവും എടുത്തു കളഞ്ഞു. <ഞആക/201112/207 ; ഉആഛഉ.അങഘ.ആഇ.ചീ. 36/ 14.01.001/201112>. ഇപ്പോള്‍ ഇതാ പി എം എല്‍ ആക്ടില്‍ വരുത്തിയ മറ്റൊരു ഭേദഗതി പ്രകാരം 2017 ഡിസംബര്‍ 31-ന് മുന്‍പ് എല്ലാ ബാങ്ക് അക്കൗണ്ടുകളിലും ആധാര്‍ എ-കെ വൈ സി നിര്‍ബന്ധമാക്കിയിരിക്കുന്നു. തട്ടിപ്പുകള്‍ ഇല്ലാതാക്കുന്നതിനു വേണ്ടിയാണിത് എന്നാണ് വാദം. അതിന്റെ ന്യായാന്യായങ്ങളിലേക്ക് മറ്റൊരവസരത്തില്‍ കടക്കാം. ഇപ്പൊള്‍ നമുക്ക് ഈ നോട്ടിഫിക്കേഷന്റെ നിയമ സാധുത പരിശോധിക്കാം.

Notification of amendments to PML act GSR 538(E) dated 01/07/2017

01/07/2017 ലെ ജി എസ് ആര്‍ 538(ഇ) നമ്പര്‍ നോട്ടിഫിക്കേഷന്‍ വഴിയാണ് മോദി ഗവണ്മെന്റ് പി എം എല്‍ ആക്ട് പ്രകാരം പുതിയ ചട്ടങ്ങള്‍ പുറത്തിറക്കിയത്. പി എം എല്‍ ആക്റ്റ് സെക്ഷന്‍ 73 (1) എച്ച്, ഐ, ജെ, കെ വകുപ്പുകള്‍ അനുസരിച്ച് എന്ന് നോട്ടിഫിക്കേഷന്‍ പറയുന്നു. എന്നാല്‍ സെക്ഷന്‍ 73(1) എച്ച് 2013-ല്‍ നീക്കം ചെയ്തിട്ടുള്ളതാണ്. ഇല്ലാത്ത നിയമപ്രകാരം എങ്ങനെ ചട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും? മറ്റു വകുപ്പുകള്‍ ഉപയോഗിച്ച് ചട്ടങ്ങള്‍ ഊണ്ടാക്കാമെന്നിരിക്കലും അങ്ങനെ ഉണ്ടാക്കിയ ചട്ടങ്ങള്‍ക്കും ഭേദഗതികള്‍ക്കും പാര്‍ലമെന്റിന്റെ ഇരു സഭകളുടെയും അംഗീകാരം നിര്‍ബന്ധമായും ഉണ്ടായിരിക്കണം എന്ന്, പ്രസ്തുത ആക്ടിലെ 74, 75 വകുപ്പുകള്‍ അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുന്നുണ്ട്.
Section 74, PML Act
ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള വിഞ്ജാപനത്തിന് പാര്‍ലമെന്റിന്റെ അംഗീകാരം ഇല്ല. അതുകൊണ്ട് തന്നെ പി എം എല്‍ ആക്ട് അനുസരിച്ച് അതിന് നിയമപ്രാബല്യവുമില്ല. മാത്രവുമല്ല ആധാര്‍ ഒരു സേവനത്തിനും നിര്‍ബന്ധിതമാക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ് നിലവിലുണ്ട്. ആധാര്‍ ഇല്ലാത്തതുകൊണ്ട് ആര്‍ക്കും ഒരു സേവനവും നിഷേധിക്കപ്പെടരുത്്. പൊതു വിതരണ സംവിധാനം, പാചകവാതക വിതരണം, തൊഴിലുറപ്പു പദ്ധതി, ക്ഷേമ പെന്‍ഷനുകള്‍, ജന്‍ ധന്‍ യോജന, ഇ പി എഫ്, എന്നിങ്ങനെ 6 പദ്ധതികള്‍ക്കു മാത്രം ആധാര്‍ ഉപയോഗിക്കാമെന്നും അതില്‍ തന്നെ നിര്‍ബന്ധമാക്കാന്‍ കഴിയില്ല എന്നുമായിരുന്നു ഉത്തരവ്. ആധാര്‍ നിര്‍ബന്ധിതമല്ലെന്നും അത് ഇല്ലാത്തതിന്റെ പേരില്‍ ഒരു ആനുകൂല്യവും നിഷേധിക്കപ്പെടില്ലെന്നുമുള്ള വസ്തുത ടി വി, റേഡിയോ, പത്ര മാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് പൊതു ജനങ്ങളെ അറിയിക്കണം എന്നും ഉത്തരവില്‍ ഉണ്ടായിരുന്നു. ആധാര്‍ ആക്ട് പാര്‍ലമെന്റ് പാസാക്കി നിയമമായതിനു ശേഷം 2016 സെപ്തംബറില്‍ കേസ് പരിഗണിച്ചപ്പോഴും കോടതി ഇതേ നിലപാട് ആവര്‍ത്തിച്ചു. ഏറ്റവുമടുത്ത് സ്വകാര്യതാ വിധിയില്‍ ഉള്‍പ്പടെ കോടതി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.  ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള നിര്‍ദ്ദേശം നിശ്ചയമായും ഈ കോടതി വിധിക്ക് എതിരാണ്. കോടതിയലക്ഷ്യമാണ്.
Supreme Court Order on Aadhaar


ജൂലൈ ഒന്നിലെ നോട്ടിഫിക്കേഷന്‍ നില നില്‍ക്കുന്നതാണെങ്കില്‍ തന്നെ, സ്വാഭാവികമായും അതിനെ തുടര്‍ന്ന് ആര്‍ ബി ഐ യുടെ സര്‍ക്കുലര്‍ വരേണ്ടതാണ്. അതാണ് കീഴ്‌വഴക്കം. അത് ഇതുവരെ ഉണ്ടായിട്ടില്ല. എന്നിരുന്നാലും റിസര്‍വ് ബാങ്ക് ക്ലാരിഫിക്കേഷന്‍ നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ തര്‍ക്കത്തിനു പ്രസക്തിയില്ല. അതു പ്രകാരം 'ബാധകമായ സന്ദര്‍ഭങ്ങള്‍' ഏതൊക്കെയാണ്? അത് മേല്‍പ്പറഞ്ഞ പി എം എല്‍ നോട്ടിഫിക്കേഷന്‍ ബാധകമാകുന്ന സന്ദര്‍ഭങ്ങളെയാണ് സൂചിപ്പിക്കുന്നത്. അതില്‍ പറഞ്ഞിരിക്കുന്ന ഭേദഗതികളിലെ സെക്ഷന്‍ 17(എ) അനുസരിച്ച് ഒരു പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ആധാര്‍ ഇപ്പോള്‍ നല്‌കേണ്ടതില്ല. അക്കൗണ്ട് തുറന്ന തിയ്യതി മുതല്‍ ആറ് മാസത്തിനകംആധാര്‍ ഹാജരാക്കിയാല്‍ മതിയാകും. നിലവിലുള്ള അക്കൗണ്ടുകള്‍ക്ക് 2017 ഡിസംബര്‍ 31-ന് മുന്‍പ് ആധാര്‍ ഇ-കെ വൈ സി വെരിഫിക്കേഷനും നടത്തേണ്ടതുണ്ട് എന്നാണ് പറഞ്ഞിരിക്കുന്നത്.
Aadhaar-Deadline

അതായത് 2017 ഡിസംബര്‍ 31-ന് മുന്‍പ് റിസര്‍വ് ബാങ്ക് പറഞ്ഞ 'ബാധകമായ സന്ദര്‍ഭങ്ങള്‍' ഉണ്ടാകില്ല എന്നു സാരം. അതിനു മുന്‍പ് നവംബറില്‍ ആധാര്‍ കേസ് കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. കോടതി ഇത്തരം ഭരണഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയാതിരിക്കില്ല. അതുവരെ നിയമവിരുദ്ധമായ, അപകടകരമായ ആധാര്‍ ഭ്രാന്തിന് തലവയ്ച്ചു കൊടുക്കാതിരിക്കുക. കോടതി ഉത്തരവ് അനുസരിച്ചു മാത്രം കാര്യങ്ങള്‍ തീരുമാനിക്കുക്ക.

read more from P B Jijeesh at pbjijeesh.in

ചരിത്രം, ഈ വിധി

0 comments

ലോകമാകെ കാതോര്‍ത്ത വിധിന്യായം അടുത്തിടെയൊന്നും ഇന്ത്യന്‍ ജുഡീഷ്യറിയില്‍നിന്ന്‌ ഉണ്ടായിട്ടില്ല. 2017 ഓഗസ്‌റ്റ്‌ 24 ചരിത്രമാണ്‌. കേന്ദ്ര സര്‍ക്കാരിന്റെയും ചില സംസ്‌ഥന സര്‍ക്കാരുകളുടെയും ശക്‌തമായ സമ്മര്‍ദങ്ങളെ അതിജീവിച്ച്‌ ഇന്ത്യന്‍ പരമോന്നത നീതിപീഠത്തിലെ ഒമ്പതു ന്യായാധിപര്‍ ചരിത്രമെഴുതി- സ്വകാര്യത മൗലികാവകാശമാണ്‌. ഒരുപക്ഷേ, ഇനിയൊരിക്കലും സുപ്രീം കോടതിയിലെ ഒമ്പതു ജഡ്‌ജിമാര്‍ ഒരുമിച്ച്‌ ഇത്തരമൊരു വാദം കേള്‍ക്കുന്ന സാഹചര്യമുണ്ടാകില്ല. തലമുറകളുടെ ഭാഗധേയം നിര്‍ണയിക്കുന്ന വിധിയാണിതെന്നു വിലയിരുത്താം. 
ഐക്യ രാഷ്‌ട്രസഭയുടെ രാജ്യാന്തര മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെയും മനുഷ്യാവകാശത്തെ സംബന്ധിച്ച യൂറോപ്യന്‍ കണ്‍വന്‍ഷന്റെയും ഭാഗമാണു സ്വകാര്യത. മിക്ക രാജ്യങ്ങളിലും ഭരണഘടനാ രൂപീകരണ സമയത്തു വ്യക്‌തതയില്ലാതിരുന്നതിനാല്‍ ഇന്ത്യന്‍ ഭരണഘടനയിലും ഇതേക്കുറിച്ചു പ്രത്യക്ഷ പരാമര്‍ശമില്ല. നിയമസംഹിതകളുടെ വ്യാഖ്യാന വളര്‍ച്ചയ്‌ക്കൊപ്പം ഭരണഘടനയില്‍ അന്തര്‍ലീനമായ അവകാശമായി സ്വകാര്യത അംഗീകരികപ്പെട്ടു. യൂറോപ്പിലും അമേരിക്കയിലും പുതുതായി സ്വാതന്ത്ര്യം നേടിയ ലാറ്റിന്‍ അമേരിക്കന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലുമെന്നപോലെ ഇന്ത്യയിലും സ്വകാര്യത, മൗലികാവകാശമാണെന്ന ധാരണയിലാണു നാലു പതിറ്റാണ്ടു പ്രവര്‍ത്തിക്കുന്നത്‌. 1975ലെ ഗോബിന്ദ്‌ കേസിലെയും 1978-ലെ മനേക ഗാന്ധി കേസിലെയും വിധികള്‍ക്കും 1995ലെ നക്കീരന്‍ കേസിലുമടക്കം നിരവധി വിധികളില്‍ സ്വകാര്യത ആര്‍ട്ടിക്കിള്‍ 21ല്‍ അന്തര്‍ലീനമായ മൗലികാവകാശമാണെന്നു സുപ്രീം കോടതി വ്യക്‌തമാക്കിയിട്ടുണ്ട്‌.
ആധാര്‍, സ്വകാര്യതയിലേക്കുള്ള കൈകടത്തലാണെന്നു സുപ്രീം കോടതിയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടപ്പോള്‍, അങ്ങനെയല്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. 1954ലെയും 1962ലെയും രണ്ട്‌ സുപ്രീം കോടതി വിധികള്‍ ഉയര്‍ത്തിക്കാട്ടുകയാണു കേന്ദ്ര സര്‍ക്കാര്‍ ചെയ്‌തത്‌. ഒന്ന്‌: എം.പി ശര്‍മ കേസ്‌ (MP Sharma an dOthers Vs Satish Chanrda, Ditsrict Magitsrate Others on 15 March, 1954). രണ്ട്‌: ഖരക്‌ സിങ്‌ കേസ്‌ (Kharak Singh Vs the State of UP & Other, 18 December, 1962). രണ്ടും വ്യത്യസ്‌ത കാലഘട്ടങ്ങളിലെ വ്യത്യസ്‌ത സാഹചര്യങ്ങള്‍ പരിഗണിച്ചുള്ള വിധികളാണ്‌. അക്കാലത്ത്‌ എല്ലാ ജഡ്‌ജിമാരും ഒരുമിച്ചിരുന്നു വാദം കേള്‍ക്കുന്നതു സാധാരണമായിരുന്നതിനാല്‍ ആദ്യത്തേത്‌ എട്ടംഗ ബെഞ്ചിന്റെ വിധിയായിരുന്നെന്നു മാത്രം.
ഖരക്‌സിങ്‌ കേസില്‍ സ്വകാര്യത മൗലികാവകാശമല്ലെന്നായിരുന്നു വാദം. സ്വകാര്യത സ്‌പഷ്‌ടമായ അവകാശമായി നിര്‍വചിക്കാന്‍ കഴിയില്ലെന്നും അവ്യക്‌തമായ സംഗതിയെ മൗലികാവകാശങ്ങളുടെ പട്ടികയില്‍ ചേര്‍ക്കാന്‍ പറ്റില്ലെന്നും വാദിച്ചു. ഇതിനു ഭൂരിപക്ഷ അംഗീകാരം കിട്ടിയെങ്കിലും ജസ്‌റ്റിസ്‌ ഷായുടെയും ജസ്‌റ്റിസ്‌ സുബ്ബറാവുവിന്റെയും വിയോജനക്കുറിപ്പില്‍ ആര്‍ട്ടിക്കിള്‍ 21 വിശാലവും സമഗ്രവുമായി കാണണമെന്നും വ്യക്‌തിയുടെ മേലുള്ള പ്രത്യക്ഷവും പരോക്ഷവുമായുള്ള കടന്നുകയറ്റവും നിയന്ത്രണവും ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും നിരീക്ഷിച്ചു. വ്യക്‌തിസ്വാതന്ത്ര്യവും സഞ്ചാര സ്വാതന്ത്ര്യവും പോലീസിന്റെ പിന്തുടരലില്‍ ലംഘിക്കപ്പെടുന്നുണ്ട്‌. ഈ വ്യക്‌തിയെ സംബന്ധിച്ചിടത്തോളം രാജ്യമാകെ ജയിലറയാണ്‌. അതുകൊണ്ടു പോലീസ്‌ നിരീക്ഷണം മൗലികാവകാശ ലംഘനമാണെന്നായിരുന്നു ഇവരുടെ കാഴ്‌ച്ചപ്പാട്‌. ഈ വിയോജന വിധിന്യായം തെളിച്ചിട്ട വഴിയിലൂടെയാണ്‌ ഇന്ത്യയുടെ നിയമസംഹിത പിന്നീടു വളര്‍ന്നത്‌.
1975ലെ ഗോബിന്ദ്‌ കേസിലെ (Gobin dvs State Of Mahdya Praedsh An dAnr. on 18 March, 1975) വിധി, ആര്‍ട്ടിക്കിള്‍ 21ലെ ജീവിക്കാനുള്ള അവകാശം മൃഗങ്ങളെപ്പോലെ ജീവിക്കാനുള്ള അവകാശമല്ല, സ്വാതന്ത്ര്യത്തോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അവകാശമാണെന്നു പറഞ്ഞു. 1978ലെ മനേക ഗാന്ധി കേസിലെ (പ്പന്റനുന്റ ട്ടന്റ്രദ്ധ ത്മന്ഥ ള്ളദ്ധഗ്ന ഗ്നക്ഷ ണ്ടദ്ധ്രന്റ , 25 ത്തന്റഗ്മന്റത്സത്ന 1978) വിധി മൗലികാവകാശങ്ങളെ എങ്ങനെ വ്യാഖ്യാനിക്കണമെന്നതിന്റെ പുരോഗമപരമായ ഏടായിരുന്നു. പരസ്‌പര ബന്ധമില്ലാത്ത അനുഛേദങ്ങളുടെ കൂട്ടമല്ല ഭരണഘടനയെന്നും മൗലികാവകാശങ്ങള്‍ ഒറ്റപ്പെട്ട തുരുത്തുകളല്ലെന്നും അവയതിന്റെ സമഗ്രതയില്‍ പരസ്‌പരപൂരകങ്ങളായി അനുവര്‍ത്തിക്കേണ്ടതാണെന്നും ബെഞ്ച്‌ നിരീക്ഷിച്ചു.
ജസ്‌റ്റിസ്‌ സുബ്ബറാവുവിന്റെ വിയോജന വിധിന്യായമായിരുന്നു ശരി. മൗലികാവകാശങ്ങളുടെ വിവിധ വകുപ്പുകള്‍ ചേര്‍ത്തുവായിച്ചാല്‍ ആര്‍ട്ടിക്കിള്‍ 14, 19, 21 എന്നിവയില്‍ മാത്രമല്ല, ആമുഖം മുതലിങ്ങോട്ട്‌ പലയിടങ്ങളിലായി ഭരണഘടനയുടെ അവിഭാജ്യ ഘടകമാണു സ്വകാര്യതയെന്നു കാണാം. എന്നാല്‍, സ്വകാര്യതയ്‌ക്കു പൊതു നിര്‍വചനം സാധ്യമല്ല, അത്‌ ഓരോ കേസായെടുത്തു പരിശോധിക്കേണ്ടിവരും എന്നീ വാദങ്ങളാണ്‌ ഹര്‍ജിക്കാര്‍ ഉന്നയിച്ചത്‌. ആഭ്യന്തര നിയമങ്ങള്‍ ഇല്ലാത്ത സാഹചര്യത്തില്‍ രാജ്യാന്തര നിയമങ്ങളെ ഭരണഘടനാ പദ്ധതിയിലേക്ക്‌ ഉള്‍ച്ചേര്‍ക്കുന്നതു കീഴ്‌വഴക്കമാണെന്നു മനുഷ്യാവകാശ നിയമങ്ങളുടെ കാര്യം എടുത്തുപറഞ്ഞും ചൂണ്ടിക്കാട്ടി. വിവരങ്ങള്‍ ശേഖരിക്കുമ്പോഴും ഉപയോഗിക്കുമ്പോഴും സ്വകാര്യതയുടെ പ്രശ്‌നമുയരുന്നു. അറിവോടെയുള്ള സമ്മതം ഇക്കാര്യത്തില്‍ പ്രധാനമാണ്‌. സമാന്തര അവകാശമെന്ന നിലയ്‌ക്കു ഭരണകൂടത്തിനു സ്വകാര്യത നിയമപരമായി സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമുണ്ട്‌. ആധുനിക ലോകത്തു ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കാന്‍ ഇതനിവാര്യവുമാണ്‌. സ്വകാര്യതയുടെ ചരിത്രപരമായ പരിണാമവും അതിന്റെ പ്രാധാന്യവും ജര്‍മന്‍ ഭരണഘടനയുടെ വളര്‍ച്ചയ്‌ക്കും വംശീയ ഉന്മൂലനത്തിന്റെ കാലഘട്ടത്തില്‍ ഐ.ബി.എം. ശേഖരിച്ച സെന്‍സസ്‌ വിവരങ്ങള്‍ നാസികള്‍ ജൂതന്മാര്‍ക്കെതിരെ എങ്ങനെ ഉപയോഗിച്ചു എന്നതും ഇന്ത്യയില്‍ അടിയന്തരാവസ്‌ഥക്കാലത്തു നിര്‍ബന്ധിത വന്ധ്യംകരണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ എങ്ങനെ നടപ്പായി എന്നതും ഓര്‍മ്മപ്പെടുത്തിക്കൊണ്ട്‌ ഹര്‍ജിക്കാര്‍ ഉന്നയിച്ചു.
സ്വകാര്യത മൗലികാവകാശമായി അംഗീകരിക്കാനാകില്ലെന്നു യു.ഐ.ഡി.എ.ഐയും, ഹരിയാന സര്‍ക്കാരും മഹാരാഷ്‌ട്ര സര്‍ക്കാരും വാദിച്ചു. തെറ്റു ചെയ്യുന്നവര്‍ മാത്രമാണു സ്വകാര്യതയെക്കുറിച്ചു ഭയപ്പെടുന്നതെന്ന വാദം കോടതിയെ ഞെട്ടിച്ചു. കേന്ദ്ര സര്‍ക്കാരിനു വേണ്ടി എ.ജി. എടുത്ത നിലപാടുകള്‍ സങ്കീര്‍ണമായിരുന്നു. സ്വകാര്യത അവകാശമാണെന്നു സമ്മതിക്കുന്ന തരത്തിലായിരുന്നു അത്‌. സ്വകാര്യതയുടെ ചില ഘടകങ്ങള്‍ മൗലീകാവകാശമാകാമെങ്കിലും വിവര സ്വകാര്യത (ദ്ധക്ഷഗ്നത്സണ്ഡന്റന്ധദ്ധഗ്നന്റ ണ്മത്സദ്ധത്മന്റ്യത്ന) മൗലികാവകാശങ്ങളുടെ പരിധിയില്‍ വരില്ല എന്നായിരുന്നു എ.ജിയുടെ വാദം. ഇതിന്റെ തുടര്‍ച്ചയായി സ്വകാര്യതയെ അടരുകളായി ചെറു നിര്‍വചനങ്ങളിലേക്കു ചുരുക്കി വിഭജിച്ചു. അതില്‍ ചിലതുമാത്രം മൗലികാവകാശമാണെന്നു സമ്മതിച്ചെങ്കിലും വിവര സ്വകാര്യത മൗലികാവകാശമായി കാണരുതെന്ന നിലപാടുമായിരുന്നു അറ്റോര്‍ണി ജനറലിന്‌. ആധാര്‍ കേസില്‍ സ്വകാര്യതാ വാദത്തിനു പ്രസക്‌തിയില്ലെന്ന വിധി നേടുകയായിരുന്നു ലക്ഷ്യമെന്നു കരുതാം.
രാജ്യത്തിന്റെ സാംസ്‌കാരിക- ചരിത്ര പശ്‌ചാത്തലത്തില്‍ സ്വകാര്യതയ്‌ക്കു വലിയ പ്രാധാന്യമില്ലെന്നായിരുന്നു മറ്റൊരു വാദം. സ്വകാര്യത പാശ്‌ചാത്യ സമ്പന്ന വര്‍ഗത്തിന്റെ മാത്രം സങ്കല്‍പ്പവും ആശങ്കയുമാണെന്നും ലക്ഷക്കണക്കിനാളുകള്‍ വിശന്നുകേഴുന്ന രാജ്യത്ത്‌ ഇതിനു പ്രസക്‌തിയില്ലെന്നും എ.ജി. ചൂണ്ടിക്കാട്ടി. എന്നാല്‍, ദരിദ്ര ജനതയ്‌ക്കു സ്വകാര്യത നിഷേധിച്ചാല്‍ എന്തു നേട്ടമുണ്ടാകുമെന്നു വിശദീകരിക്കാനും കഴിഞ്ഞില്ല.
സ്വകാര്യതയ്‌ക്കു വേണ്ടി ഉന്നയിക്കപ്പെട്ട വാദങ്ങളൊക്കെ ഏറെക്കുറെ പൂര്‍ണമായി അംഗീകരിക്കുന്ന വിധയാണു സുപ്രീം കോടതി പുറപ്പെടുവിച്ചത്‌. കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന ആയുധങ്ങളായിരുന്ന എം.പി. ശര്‍മ, ഖരക്‌ സിങ്‌ വിധികള്‍ നിയമപരമായി തെറ്റായിരുന്നെന്നും ഭരണഘടന അതിന്റെ രൂപീകരണ ഘട്ടത്തില്‍ ഉറഞ്ഞു മരവിച്ചു പോകേണ്ട രേഖയല്ലെന്നും ചൂണ്ടിക്കാട്ടി. കലാനുസൃതമായി പൗരന്റെയും സമൂഹത്തിന്റേയും അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ജൈവമായ ആശയപ്രകാശനമാണ്‌. ആര്‍ട്ടിക്കിള്‍ 21, 19 വകുപ്പുകളില്‍ അന്തര്‍ലീനമായ ഒഴിവാക്കാനാകാത്ത അവകാശമാണു സ്വകാര്യത. കേവലം ഭരണഘടനാദത്തമായ അവകാശം മാത്രമല്ല, ജന്മനാ ഏതൊരു മനുഷ്യനും ആര്‍ജിതമായ അടിസ്‌ഥാന അവകാശമാണ്‌. മാന്യമായി, അഭിമാനത്തോടെ ജീവിക്കാനുള്ള പ്രാഥമിക അവകാശത്തിന്റെ ഭാഗമാണു സ്വകാര്യത. സ്വകാര്യതയില്ലാതെ മറ്റു മൗലികാവകാശങ്ങള്‍ അര്‍ഥപൂര്‍ണമായി സ്‌ഥാപിച്ചെടുക്കാന്‍ കഴിയില്ല. ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ ഭാഗമായ അന്താരാഷ്‌ട്ര അവകാശമാണ്‌. സ്വകാര്യത ഒരു മനുഷ്യന്റെ ഭൗതിക ശരീരവും, മനസും, ചിന്തകളും, വിവരങ്ങളും, കുടുംബവും, ലൈംഗികതയും ഇഷ്‌ട ഭക്ഷണം കഴിക്കാനുള്ള അവകാശവുമെല്ലാമാണ്‌. എന്നാല്‍, ഇതിനു നിര്‍വചനം അസാധ്യമാണ്‌. ഓരോ ഘട്ടത്തിലും സാഹചര്യങ്ങള്‍ക്കും വസ്‌തുതകള്‍ക്കും അനുസൃതമായി പരിശോധിക്കപ്പെടേണ്ടതാണ്‌.
ഇതിനര്‍ഥം, സ്വകാര്യത പരിധികളില്ലാത്ത അവകാശമാണെന്നല്ല. മറ്റേതൊരു മൗലികാവകാശങ്ങള്‍ക്കുമെന്നതുപോലെ സ്വകാര്യതയ്‌ക്കും പരിധികളുണ്ട്‌. ഭരണകൂടങ്ങളുടെ ന്യായവും നിയമപരവുമായ കാര്യങ്ങള്‍ക്കു നിയന്ത്രണങ്ങള്‍ കൊണ്ടുവരാം. അതിനു നിയമങ്ങള്‍ വേണം. ന്യായവും വ്യക്‌തവുമായ ആവശ്യകത ബോധ്യപ്പെടുത്താനാകണം. പറയുന്ന ലക്ഷ്യവും സ്വീകരിക്കുന്ന മാര്‍ഗവും തമ്മില്‍ യുക്‌തിഭദ്രമായ ബന്ധം ഉണ്ടായിരിക്കണം. സ്വകാര്യതയ്‌ക്കുമേലുള്ള ഏതു കൈകടത്തലും വിവര ശേഖരണവും നിരീക്ഷണവുമെല്ലാം ജനാധിപത്യത്തിന്റെ അടിസ്‌ഥാന മൂല്യങ്ങളെ അപകടത്തിലാക്കുമെന്ന നിരീക്ഷണവും കോടതി നടത്തുന്നു.
സ്വകാര്യതയുടെ ധനാത്മകവും ഋണാത്മകവുമായ വശങ്ങളെ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്‌. ഋണാത്മകമായ വശം സ്വകാര്യതയിലേക്കുള്ള ഭരണകൂടത്തിന്റെ ഏതൊരു കടന്നു കയറ്റത്തെയും ഈ അവകാശം തടയുന്നു എന്നതാണ്‌. ധനാത്മകമായ വശം പൗരന്റെ സ്വകാര്യത നിയമപരമായി സംരക്ഷിക്കാനുള്ളബാധ്യത സര്‍ക്കാരുകള്‍ക്കുണ്ട്‌ എന്നതാണ്‌.
ഈ വിധിയുടെ പരിണിത ഫലങ്ങള്‍ അതിവിപുലമായിരിക്കും. പ്രാഥമിക ഘട്ടത്തില്‍ അടിയന്തരാവസ്‌ഥക്കാലത്തെ കുപ്രസിദ്ധമായ കരുതല്‍ തടങ്കല്‍ സംബന്ധിച്ച വിധിയെയും നാസ്‌ കേസിലെ എല്‍.ജി.ബി.ടി. വിധിയെയും ഇത്‌ അസ്‌ഥിരപ്പെടൂത്തുന്നു എന്നതാണ്‌. ആധാര്‍ കേസില്‍ ഇതുണ്ടാക്കാന്‍ പോകുന്ന ഫലം വ്യക്‌തമാണ്‌. എന്തായാലും ഈ ഘട്ടത്തില്‍ സുപ്രീം കോടതിയുടെ ഈ വിധിയെ, അതെഴുതിയ ന്യായാധിപരെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല.
ആധാര്‍, സ്വകാര്യത, മൗലികാവകാശം...കേസിന്റെ നാള്‍വഴി ഇങ്ങനെ
ജൂലൈ ഏഴ്‌: ആധാറുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനം ഭരണഘടനാ ബെഞ്ചിനു വിട്ട്‌ സുപ്രീം കോടതി മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്‌.
ജൂലൈ 18: സ്വകാര്യത മൗലികാവകാശമാണോ എന്നു പരിശോധിക്കാന്‍ ഒന്‍പതംഗ ബെഞ്ചിനെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്‌ നിയമിച്ചു. ചീഫ്‌ ജസ്‌റ്റിസ്‌ ജെ.എസ്‌. കേഹാര്‍, ജസ്‌റ്റിസുമാരായ ജെ. ചെലമേശ്വര്‍, എസ്‌.എ. ബോബ്‌ഡെ, ആര്‍.കെ. അഗര്‍വാള്‍, റോഹിന്‍ടണ്‍, ഫാലി നരിമാന്‍, അഭയ്‌ മനോഹര്‍ സാപ്രേ, ഡി.വൈ. ചന്ദ്രചൂഡ്‌, സഞ്‌ജയ്‌ കിഷന്‍ കൗള്‍, എസ്‌. അബ്‌ദുല്‍ നസീര്‍ എന്നിവരായിരുന്നു ഒന്‍പതംഗ ബെഞ്ചില്‍.
ജൂലൈ 19: സ്വകാര്യത മൗലികാവകാശമല്ലെന്ന്‌ കേന്ദ്രം സുപ്രീം കോടതിയില്‍.
ജൂലൈ 26: മൗലികാവകാശമാണെന്ന്‌ കര്‍ണാടക, ബംഗാള്‍, പഞ്ചാബ്‌, പുതുച്ചേരി സംസ്‌ഥാനങ്ങള്‍ സുപ്രീം കോടതിയില്‍.
ജൂലൈ 26: സ്വകാര്യത മൗലികാവകാശമാണെന്നും എന്നാല്‍, സ്വകാര്യതയുടെ എല്ലാവശങ്ങളെയും മൗലികാവകാശമായി കണക്കാക്കാനാവില്ലെന്നും കേന്ദ്രം.
ജൂലൈ 27: സ്വകാര്യതയെ മൗലികാവകാശമെന്നു പ്രഖ്യാപിക്കാന്‍ കോടതിക്ക്‌ അധികാരമില്ലെന്നും പാര്‍ലമെന്റിനു മാത്രമാണ്‌ അധികാരമെന്നും മഹാരാഷ്ര്‌ട സര്‍ക്കാര്‍.
ജൂലൈ 31: സ്വകാര്യത മൗലികാവകാശമാണെന്നു കേരളം സുപ്രീം കോടതിയില്‍.
ഓഗസ്‌റ്റ്‌ 1: പൊതു ഇടങ്ങളില്‍ വ്യക്‌തിയുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കേണ്ടതിനു മാര്‍ഗനിര്‍ദേശം നല്‍കണമെന്ന്‌ പരമോന്നത നീതിപീഠം.
ഓഗസ്‌റ്റ്‌ 2: സാങ്കേതികവിദ്യാ യുഗത്തില്‍ സ്വകാര്യതാ സംരക്ഷണം കൈവിട്ടുപോകുന്ന യുദ്ധം പോലെയെന്നു സുപ്രീം കോടതി നിരീക്ഷണം. വിധിപറയാന്‍ മാറ്റിവച്ചു.
ഓഗസ്‌റ്റ്‌ 24: സ്വകാര്യത മൗലികാവകാശമാണെന്ന്‌ സുപ്രീം കോടതിയുടെ ചരിത്രവിധി.
കേരളം ഇച്‌ഛിച്ചതും കോടതി കല്‍പ്പിച്ചതും
ന്യൂഡല്‍ഹി: സ്വകാര്യത വ്യക്‌തിയുടെ മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധി കേരളത്തിന്റെ നിലപാടിന്‌ അടിവരയിടുന്നത്‌. വ്യക്‌തികളുടെ സ്വകാര്യതയില്‍ ഏകപക്ഷീയമായി കൈകടത്താന്‍ അനുവദിക്കരുതെന്നാണു കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്‌.
സ്വകാര്യത നിരീക്ഷിക്കാനും പകര്‍ത്താനും അനുവദിക്കുന്നത്‌ അപകടകരമാണെന്നും വ്യക്‌തികളുടെ ജീവിതം വാള്‍മുനയിലാകുമെന്നും സത്യവാങ്‌മൂലത്തില്‍ കേരളം എടുത്തുകാട്ടി.
കേന്ദ്രത്തിനു തിരിച്ചടി
കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ആധാറിനെ അടക്കം ബാധിക്കുന്ന സുപ്രധാന വിധിയാണിത്‌. ആധാര്‍കാര്‍ഡ്‌ നിര്‍ബന്ധമാക്കുന്നതിനെ സ്വകാര്യതയുടെ പേരില്‍ എതിര്‍ക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിനാണു സുപ്രീം കോടതി ഉത്തരവ്‌ വ്യക്‌തത വരുത്തുന്നത്‌. ആധാര്‍ കാര്‍ഡ്‌ സ്വകാര്യതയ്‌ക്കുമേലുള്ള കടന്നുകയറ്റമല്ലെന്നായിരുന്നു കേന്ദ്രവാദം. ഭരണഘടനയില്‍ സുവ്യക്‌തമായി പറയാത്തതിനാല്‍ സ്വകാര്യത മൗലികാവകാശമല്ലെന്നും ജനങ്ങള്‍ക്കു ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്താന്‍ ന്യായമായ നിയന്ത്രണങ്ങളാകാമെന്നും കേന്ദ്രം വാദിച്ചു. ജീവിക്കാനുള്ള മൗലികാവകാശത്തേക്കാള്‍ വലുതല്ല സ്വകാര്യതയ്‌ക്കുള്ള അവകാശമെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. ഇതെല്ലാം തള്ളിക്കൊണ്ടാണ്‌ പരമോന്നത നീതിപീഠത്തിന്റെ വിധി.
ആധാര്‍ പദ്ധതി നടപ്പാക്കിയത്‌ നിയമത്തിന്റെ പിന്‍ബലമില്ലാതെയാണെന്നു നിരീക്ഷിച്ച പരമോന്നത കോടതി, ആധാര്‍ നിര്‍ബന്ധമാക്കണോയെന്നത്‌ അഞ്ചംഗ ബെഞ്ച്‌ തീരുമാനിക്കുമെന്നു നിലപാടെടുത്തു.
ചരിത്രവിധി
സ്വകാര്യത മൗലികാവകാശമല്ലെന്നായിരുന്നു 1954 മാര്‍ച്ച്‌ 15ന്‌ എം.പി. ശര്‍മ കേസില്‍ എട്ടംഗ ബെഞ്ചിന്റെയും 1962 ഡിസംബര്‍ 18 ന്‌ ഖടക്‌ സിങ്‌ കേസില്‍ ആറംഗ ബെഞ്ചിന്റെയും വിധി. ഈ വിധികള്‍ തിരുത്തുന്നതാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ ജെ.എസ്‌.കേഹാര്‍, ജഡ്‌ജിമാരായ ജസ്‌തി ചെലമേശ്വര്‍, എസ്‌.എ. ബോബ്‌ഡെ, ആര്‍.കെ. അഗര്‍വാള്‍, റോഹിന്‍ടണ്‍ നരിമാന്‍, അഭയ്‌ മനോഹര്‍ സപ്രെ, ഡി.വൈ. ചന്ദ്രചൂഡ്‌, സഞ്‌ജയ്‌ കിഷന്‍ കൗള്‍, എസ്‌. അബ്‌ദുല്‍ നസീര്‍ എന്നിവരുള്‍പ്പെട്ട ഒമ്പതംഗ ബെഞ്ചിന്റെ വിധി. ഭരണഘടനയുടെ 21-ാം അനുച്‌ഛേദത്തിന്റെ ഭാഗമാണു സ്വകാര്യതയെന്നും കോടതി നിലപാടെടുത്തു.
ആധാര്‍ കേസ്‌ അഞ്ചംഗ ബെഞ്ച്‌ തീര്‍പ്പാക്കും
എട്ടംഗ ബെഞ്ചിന്റെ ആധാര്‍ കേസുകള്‍ എത്ര ജഡ്‌ജിമാരുള്‍പ്പെട്ട ബെഞ്ച്‌ പരിഗണിക്കണമെന്നത്‌ ഒന്‍പതംഗ ബെഞ്ച്‌ വിധി പറഞ്ഞശേഷം തീരുമാനിക്കുമെന്നാണ്‌ നേരത്തേ കോടതി പറഞ്ഞിരുന്നത്‌. ഇനി അഞ്ചംഗ ബെഞ്ച്‌ ഈ കേസ്‌ പരിശോധിക്കും.
ഭരണഘടനയില്‍ സുവ്യക്‌തമായി പറയാത്ത സ്‌ഥിതിക്കു സ്വകാര്യത മൗലികാവകാശമല്ലെന്നും ന്യായമായ നിയന്ത്രണങ്ങളാകാമെന്നുമാണു കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തത്‌. ഈ നിലപാടിനേറ്റ തിരിച്ചടിയാണ്‌ സുപ്രീം കോടതി വിധി. ബി.ജെ.പി. ഭരണത്തിലുള്ള സംസ്‌ഥാനങ്ങളും ഈ നിലപാടിനോടു യോജിച്ചിരുന്നു.
Was published in MangalamDaily: http://www.mangalam.com/news/detail/140027-opinion.html

read more from P B Jijeesh at pbjijeesh.in

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ റദ്ദാകില്ല

0 comments



ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ മൊബൈല്‍ കണക്ഷന്‍ റദ്ദാകില്ല


മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവഷ്യപ്പെട്ടുകൊണ്ട് എല്ലാവര്‍ക്കും നിരന്തരം മെസേജുകളും ഫോണ്‍ കോളുകളും വന്നുകൊണ്ടേയിരിക്കുന്നു. എല്ലാവരും പരിഭ്രാന്തിയിലാണ്. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ റദ്ദായിപ്പോകുമെന്നാണ് ഭയം. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരം ടെലികോം ഡിപ്പാര്‍ട്‌മെന്റാണ് ഇത്തരമൊരു നിബന്ധന മുന്നോട്ടു വച്ചതെന്നാണ് വാര്‍ത്തകള്‍. ഇതിന്റെ യാഥാര്‍ത്ഥ്യമെന്താണ്?

മൊബൈല്‍ കണക്ഷനുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടില്ല. മറിച്ച് ആധാര്‍ യാതൊരു വിധ സേവനങ്ങള്‍ക്കും നിര്‍ബന്ധമാക്കരുത് എന്നാണ് കോടതി നിരവധി ഇടക്കാല ഉത്തരവുകളിലൂടെ പറഞ്ഞിട്ടുള്ളത്. 2015 ഒക്ടോബര്‍ 1-ന് മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന ആവശ്യവുമായി ട്രായി (TRAI) സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കോടതി ആ ആവശ്യം നിഷേധിക്കുകയും 2014-മുതല്‍ ഉള്ള ഉത്തരവുകളില്‍ നിര്‍ദ്ദേശിച്ചിരുന്നതുപോലെ ''ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരാള്‍ക്കും ഒരാനുകൂല്യവും നിഷേധിക്കപ്പെടരുത്'' എന്ന് ആവര്‍ത്തിക്കുകയുമായിരുന്നു. പൊതു വിതരണ സംവിധാനം, പാചകവാതക വിതരണം, തൊഴിലുറപ്പു പദ്ധതി, ക്ഷേമ പെന്‍ഷനുകള്‍, ജന്‍ ധന്‍ യോജന, ഇ പി എഫ്, എന്നിങ്ങനെ 6 പദ്ധതികള്‍ക്കു മാത്രം ആധാര്‍ ഉപയോഗിക്കാമെന്നും അതില്‍ തന്നെ നിര്‍ബന്ധമാക്കാന്‍ കഴിയില്ല എന്നുമായിരുന്നു ഉത്തരവ്. ആധാര്‍ നിര്‍ബന്ധിതമല്ലെന്നും അത് ഇല്ലാത്തതിന്റെ പേരില്‍ ഒരു ആനുകൂല്യവും നിഷേധിക്കപ്പെടില്ലെന്നുമുള്ള വസ്തുത ടി വി, റേഡിയോ, പത്ര മാധ്യമങ്ങളിലൂടെ പരസ്യം ചെയ്ത് പൊതു ജനങ്ങളെ അറിയിക്കണം എന്നും ഉത്തരവില്‍ ഉണ്ടായിരുന്നു. ആധാര്‍ ആക്ട് പാര്‍ലമെന്റ് പാസാക്കി നിയമമായതിനു ശേഷം 2016 സെപ്തംബറില്‍ കേസ് പരിഗണിച്ചപ്പോഴും കോടതി ഇതേ നിലപാട് ആവര്‍ത്തിച്ചു. എന്നാല്‍ ഇതിനൊക്കെ വിരുദ്ധമായി ഗവണ്മെന്റ് മുന്നോട്ടു പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. 

ഇപ്പോള്‍ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണം എന്ന് മൊബൈല്‍ കമ്പനികള്‍ ആവശ്യപ്പെടുന്നത് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ 21/03/2017-ലെ ഒരു സര്‍ക്കുലര്‍ പ്രകാരമാണ്. ഇതില്‍ പറയുന്നത് 2017 ഫെബ്രുവരി 02-ലെ സുപ്രീം കോടതി വിധിപ്രകാരം എല്ലാ ഉപഭോക്താക്കളുടേയും വിവരങ്ങള്‍ ആധാര്‍ ഇ-കെവൈസി വഴി പുനപരിശോധിക്കണം എന്നാണ്. 2018 ഫെബ്രുവരി 06-നുള്ളില്‍ ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നും ആവശ്യപ്പെടുന്നു. എന്നാല്‍ ഉത്തരവില്‍ പരാമര്‍ശിക്കപ്പെടുന്ന 06/02/2017-ലെ വിധിയില്‍ എവിടെയും എല്ലാ മൊബൈല്‍ നമ്പറുകളും ആധാറുമായി ബന്ധിപ്പിച്ച് എ-കെ വൈ സി പരിശോധന നടത്തണം എന്നു പറയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 

രാജ്യ സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ലതാക്കാന്‍ എല്ലാ മൊബൈല്‍ നമ്പറുകളും 100% പരിശോധിക്കപ്പെടുന്നുണ്ട് എന്നുറപ്പു വരുത്താന്‍ വ്യക്തവും സുദൃഢവുമായ ഒരു സംവിധാനം ഒരുക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ലോക്‌നീതി ഫൗണ്ടേഷന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പ്രസ്തുത വിധി ഉണ്ടാകുന്നത്. ജസ്റ്റിസ് ഖെഹറും, ജസ്റ്റിസ് രമണയും ചേര്‍ന്ന 2 അംഗ ബഞ്ചാണ് ഹര്‍ജി പരിശോധിച്ചത്. ഹര്‍ജിക്കാരന്റെ ഉദ്ദേശ്യം കോടതി നല്ലതെന്നു കാണുകയും ഇന്ത്യ ഗവണ്മെന്റ് അതിനെ പിന്തുണച്ചുകൊണ്ട് അതിനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കുമെന്ന് അറിയിക്കുകയും ചെയ്തു.

ഗവണ്മെന്റ് കോടതിയില്‍ ബോധിപ്പിച്ചത് ഇക്കാര്യങ്ങളാണ്: 2016 ആഗസ്റ്റ് 16 മുതല്‍ പുതിയ മൊബൈല്‍ കണക്ഷനുകള്‍ക്ക് ആധാര്‍-ഇ-കെ വൈ സി വെരിഫിക്കേഷനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ മൊബൈല്‍ കണക്ഷനുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ല. എങ്കിലും 87% ജനങ്ങള്‍ക്കും ആധാര്‍ ലഭിച്ചിട്ടുള്ള സാഹചര്യത്തില്‍ സൗകര്യപ്രദമായ സംവിധാനം എന്ന നിലയില്‍ കൂടുതല്‍ ആളുകളും ഇനി ഇ-കെവൈസി ഉപയോഗിക്കാനാണ് സാധ്യത. നിലവില്‍ ഉള്ള ഉപഭോക്താക്കളുടേയും വിവരങ്ങള്‍ ഇപ്രകാരം പുന:പരിശോധിക്കാവുന്നതാണ്. ഇതിനുള്ള സംവിധാനം ആലോചിച്ച് തീരുമാനിച്ച് വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കുന്നതാണ്. 

ഈ സാഹചര്യത്തില്‍ നിലവിലുള്ള മൊബൈല്‍ നമ്പറുകള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പുന:പരിശോധിക്കുന്നതിനുള്ള സംവിധാനം ഗവണ്മെന്റ് ഏര്‍പ്പെടുത്തും എന്ന വിശ്വാസത്തില്‍കേസ് തീര്‍പ്പാക്കുകയാണുണ്ടായത്. മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണം എന്ന തരത്തില്‍ ഒരു ഉത്തരവ് ഉണ്ടായിട്ടില്ല. ഇവിടെ, മൊബൈല്‍ കണക്ഷനുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ല എന്ന കാര്യം കേന്ദ്രം കോടതിയെ ബോധിപ്പിച്ചിരുന്നു. ആ നിലയ്ക്ക് പുതിയ കണക്ഷനുകള്‍ക്ക് നിര്‍ബന്ധമല്ലാത്ത ആധാര്‍ പഴയവയുടെ പുന:പരിശോധനയ്ക്ക് നിര്‍ബന്ധമാണെന്ന് പറയാനും കഴിയില്ലല്ലോ.

മാത്രമല്ല, 2015 ഒക്ടോബറില്‍, സുപ്രീം കോടതിയുടെ 5 അംഗ ബഞ്ച്, ആധാര്‍, മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷന് ഉപയോഗിക്കാനനുവദിക്കണം എന്ന ട്രായിയുടെ ആവശ്യം നിഷേധിച്ചിരുന്നു എന്ന കാര്യം എ.ജി. കോടതിയെ അറിയിക്കേണ്ടതായിരുന്നു. അതുണ്ടായില്ല.ജസ്റ്റിക് ഖെഹറും, ജസ്റ്റിസ് രമണയും ടി ബഞ്ചിന്റെ ഭാഗമല്ലാതിരുന്നതുകൊണ്ട് അവര്‍ അത് അറിഞ്ഞിട്ടുണ്ടാകണമെന്നില്ല. ഉണ്ടായിരുന്നെങ്കില്‍ ആധാര്‍ വെരിഫിക്കേഷന്‍ എന്ന നിര്‍ദ്ദേശം വരുമ്പോള്‍ തന്നെ മറ്റ് മാര്‍ഗങ്ങള്‍ ആരായുമായിരുന്നു. കാരണം 5 അംഗ ബെഞ്ചിന്റെ നിര്‍ദ്ദേശം മറികടന്നുകൊണ്ട് ഒരുത്തരവ് പുറപ്പെടുവിക്കാന്‍ 2 അംഗ ബഞ്ചിന് ആധാര്‍ കേസ് നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കഴിയുകയില്ല.

ആധാര്‍ ഇ-കെ വൈ സി യിലൂടെ ഒരു വ്യക്തി തന്റെ പ്രധാനപ്പെട്ട ബയോമെട്രിക് വിവരങ്ങളും വ്യക്തി വിവരങ്ങളും ഗവണ്മെന്റുമായും സ്വകാര്യ കമ്പനിയുമായും പങ്കു വയ്ക്കുകയാണ്. ചരിത്രപ്രധാനമായ സ്വകാര്യത വിധിയിലൂടെ സുപ്രീം കോടതി പൗരന്റെ വിവര-സ്വകാര്യതയ്ക്കുള്ള അവകാശത്തെ ഒരു മൗലീക അവകാശമായി ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളതാണ്. നിയതവും നീതിയുക്തവും ന്യായവുമായ നിയമമാര്‍ഗങ്ങളിലൂടെയല്ലാതെ സ്വകാര്യ വിവരങ്ങള്‍ കൈമാറുന്നത് ഈ കോടതി വിധിക്കും എതിരാണ്. യതൊരു നിയമ ചട്ടക്കൂടുമില്ലാതെ സ്വകാര്യ കമ്പനികള്‍ക്ക് രാജ്യത്തെ ലക്ഷക്കണക്കിന് മനുഷ്യരുടെ വിവരങ്ങള്‍ കൈമാറാനനുവദിക്കുന്ന ടെലിക്കോം ഡിപ്പാര്‍ട്ടിന്റെ സര്‍ക്കുലര്‍ കോടതി വിധിയുടെ ദുര്‍വ്യാഖ്യാനവും നിയമവിരുദ്ധവുമാണ് എന്നു മാത്രമല്ല അപകടകരവുമാണ്. എയര്‍ടെല്‍ കമ്പനി മൊബൈല്‍ വെരിഫിക്കേഷനു നല്‍കിയ ഇ-കെ-വൈ-സി ഉപയോഗിച്ച് എയര്‍ടെല്‍ പെയ്‌മെന്റ് ബാങ്ക് അക്കൗണ്ടുകള്‍ ഉപഭോക്താക്കളുടെ അറിവോ സമ്മതമോ കൂടാതെ തുറന്നതും അങ്ങനെ പാചക വാതക സബ്‌സിഡിയും തൊഴിലുറപ്പു പദ്ധതിയുടെ കൂലിയും അടക്കം ആധാര്‍-അധിഷ്ഠിത പണമിടപാടുകളെല്ലാം അതിലേക്ക് പോകുകയും ആ പണം തിര്‍ച്ചെടുക്കാന്‍ മാര്‍ഗമില്ലാതെ ആളുകള്‍ വലയുന്നതുമെല്ലാം നാം ഇപ്പോള്‍ കാണുന്നുണ്ട്. ഇത്തരത്തിലുള്ള നിരവധി ദുരുപയോഗ സാധ്യതകളുണ്ടെങ്കിലും പെട്ടു പോയ ഉപഭോക്തക്കള്‍ക്ക് നഷ്ട പരിഹാരം തേടാന്‍ പോലുമുള്ള സംവിധാനം ഇപ്പോഴില്ല. ഒരു പരാതിയുമായി കോടതിയില്‍ പോകാന്‍ പോലും ഇരയ്ക്കു കഴിയില്ല. കാരണം ആധാര്‍ ആക്റ്റ് പ്രകരം യു.ഐ.ഡി.എ.ഐ-യ്ക്കു മാത്രമേ പരാതി നല്കാന്‍ കഴിയൂ. അവര്‍ തന്നെ പ്രതിസ്ഥാനത്തു വരുന്ന കേസുകളില്‍ അവരെങ്ങനെയാണ് പരാതിയുമായി പോകുക? 

നിയമക്കുരുക്കുകളെക്കുറിച്ച് ചെറു ബോധ്യമുള്ളതുകൊണ്ടാകണം ടെലികോം ഡിപ്പര്‍ട്ട്‌മെന്റിന്റെ സര്‍ക്കുലറില്‍ ഒരിടത്തും ആധാര്‍ വെരിഫിക്കേഷന്‍ നടത്താത്ത മൊബൈല്‍ നമ്പറുകള്‍ റദ്ദു ചെയ്യണം എന്ന് ആവശ്യപ്പെട്ടിട്ടില്ല. അത്രയും നന്ന്.


Mangalam Report:

First FB Post:

മൊബൈൽ നമ്പർ ആധാറുമായി ബന്ധിക്കണം എന്ന ടെലികോം വകുപ്പിന്റെ കത്തിൽ ഒരിടത്തും ലിങ്ക് ചെയ്തില്ലെന്കിൽ കണക്ഷൻ റദ്ദ് ചെയ്യും എന്ന് പറയുന്നില്ല. മൊബൈൽ കമ്പനികൾക്ക് അങ്ങനെ ചെയ്യാനും കഴിയില്ല
2015 ഒക്ടോബറിൽ സുപ്രീം കോടതിയുടെ 5 അംഗ ബെഞ്ച്, മൊബൈൽ നമ്പർ ആധാറുമായി ബന്ധിക്കണമെന്ന TRAI യുടെ അപേക്ഷ തള്ളിയതാണ്. പിന്നീട് സുപ്രീം കോടതിയുടെ ഒരു മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് ടെലികോം ഡിപ്പാർട്ടമെന്റ് പുറത്തിറക്കിയ നോട്ടിഫിക്കേഷൻ പറയുന്നു 2018 ഫെബ്രുവരി മാസത്തിനുള്ളിൽ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കണമെന്ന്. ഉത്തരവിനാധാരമായി പറയുന്ന സുപ്രീംകോടതി വിധിയിലെവിടെയും ആധാർ ലിംങ്കിംഗ് ആവാമെന്നു പറയുന്നില്ല. (ഉണ്ടെങ്കിൽ തന്നെ 5 അംഗ ബെഞ്ചിന്റെ വിധിയെ മറികടക്കാൻ അത് മതിയാവുകയുമില്ല)
സുപ്രീംകോടതി യുടെ മാർച്ച് 2014 ലെ ഓർഡർ:
no person shall be deprived of any service for want of Aadhaar number in case he/she is otherwise eligible/entitled. All the authorities are directed to modify their forms/circulars/likes so as to not compulsorily require the Aadhaar number in order to meet the requirement of the interim order passed by this Court forthwith.”
ഒക്ടോബർ 2015 ലെ ഓർഡർ
We will also make it clear that the Aadhaar card Scheme is purely voluntary and it cannot be made mandatory till the matter is finally decided by this Court one way or the other.”...
ഇക്കാര്യം പരസ്യം ചെയ്യണമെന്നുകൂടി പറഞ്ഞു കോടതി:
“The Union of India shall give wide publicity in the electronic and print media, including radio and television networks, that it is not mandatory for a citizen to obtain the Aadhaar Card” and that “The production of an Aadhaar Card will not be a condition for obtaining any benefits otherwise due to a citizen”
2016 സെപ്റ്റംബർ 14 ന്, ആധാർ ആക്ട് പാസായതിനു ശേഷവും കോടതി ഇതേ നിലപാട് ആവർത്തിച്ചു.
ടെലികോം ഡിപാർട്മെന്റിന്റെ കത്തിൽ പറയുന്ന സുപ്രീംകോടതി ഉത്തരവ് 2017 ഫെബ്രുവരി 7 ലേതാണ്. (ലോകനീതി ഫൗണ്ടേഷൻ vs യൂണിയൻ ഓഫ് ഇന്ത്യ). ഇതിൽ പറയുന്നത് ഇപ്രകാരമാണ്:
“In view of the factual position brought to our notice during the course of hearing, we are satisfied, that the prayers made in the writ petition have been substantially dealt with, and an effective process has been evolved to ensure identity . In the near future, and more particularly, within one year from today, a similar verification will be completed, in the case of existing subscribers.”
ഇതിൽ എവിടെയാണ് മൊബൈൽ നമ്പർ ആധാർ വച്ചു വെരിഫൈ ചെയ്യണം എന്ന പറയുന്നത്?

ആധാര്‍ അധിഷ്ഠിത പണമിടപാട് എന്ന വളയമില്ലാ ചാട്ടം

0 comments

എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക് അക്കൗണ്ടിലേക്ക് സബ്‌സിഡി പോയ വാര്‍ത്ത ഏഷ്യാനെറ്റ് ചര്‍ച്ചയാക്കിയിരുന്നല്ലോ, (ചര്‍ച്ച ഇനിയും കാണാത്തവര്‍ തീര്‍ച്ചയായും കാണണം) ചിലത് കൂട്ടിച്ചേര്‍ക്കാനുണ്ട്.
നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്ന നോണ്‍-പ്രോഫിറ്റ് (registered u/s 8 of companies act) കമ്പനിയാണ് ആധാര്‍ അധിഷ്ടിത പേയ്‌മെന്റ് സംവിധാനങ്ങള്‍ നടത്തുന്നത്. ഗവണ്മെന്റോ, റിസര്‍വ് ബാങ്കോ അല്ല. ആര്‍ ബി ഐ ഒരുക്കുന്ന National Electronic Funds Transfer (NEFT), Real Time Gross Settlement (RTGS) സംവിധാനങ്ങള്‍ ഒരു വ്യക്തിയുടെ അക്കൗണ്ട് നമ്പറും ബാങ്കിന്റെ IFSC കോഡും ഉപയോഗിച്ചാണ് പണമിടപാടുകള്‍ നടത്തുന്നത്. IFSC കോഡ് വഴി ബാങ്കിന്റെ ബ്രാഞ്ചും അക്കൗണ്ട് നമ്പര്‍ വഴി വ്യക്തിയേയും കൃത്യമായി മനസിലാക്കുന്നു. ഇടപാടുകള്‍ക്ക് ഉത്തരാവദിത്തം റിസര്‍വ് ബാങ്കിനുണ്ട്. അത് കൃത്യമായി ട്രാക്ക് ചെയ്യാനും അക്കൗണ്ട് ചെയ്യാനും സാധിക്കുന്നു.
എന്നാല്‍ ആധാര്‍ അധിഷ്ഠിത പണമിടപാട് (Aadhaar Enabled Payment System or AePS) NPCI ആണ് മാപ് ചെയ്യുന്നത്. ഡേറ്റാബേസില്‍ രേഖപ്പെടുത്തുന്നത് ഇടപാടുകാരന്റെ ആധാര്‍ നമ്പര്‍ മാത്രമാണ്.
ആധാര്‍ ബാങ്കുമായി ലിങ്ക് ചെയ്യുന്നത് എപ്പോഴും e-KYC വെരിഫിക്കേഷന്‍ വഴി അല്ല. ആധാര്‍ നമ്പര്‍ വെറുതെ അക്കൗണ്ടിലേക്ക് സീഡ് ചെയ്യുകയാണുണ്ടാവുക. മറ്റൊരാളുടേ ബാങ്ക് അക്കൗണ്ടിലേക്ക് നമ്പര്‍ സീഡ് ചെയ്യപ്പെട്ടാല്‍ നമുക്ക് ലഭിക്കേണ്ട പണം അപരന്റെ അക്കൗണ്ടിലേക്ക് പോകും എന്നു സാരം.
എന്റെ ഒരു സുഹൃത്തിന് യൂണീയന്‍ ബാങ്കില്‍ ഒരു അക്കൗണ്ട് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഗ്യാസ് സബ്‌സിഡി ഉള്‍പ്പടെ പണമിടപാടുകള്‍ നടന്നിരുന്നത് ഈ അക്കൗണ്ടിലൂടെയാണ്. എന്നാല്‍ ഒരു ഹൗസിംഗ് ലോണുമായി ബന്ധപ്പെട്ട് എച് ഡി എഫ് സിയില്‍ അദ്ദേഹം ഒരു പുതിയ അക്കൗണ്ട് ആരംഭിച്ചു. അതിലും ആധാര്‍ സീഡ് ചെയ്തു. ഇപ്പോള്‍ സബ്‌സിഡി പണം എത്തുന്നത് ഈ അക്കൗണ്ടിലേക്കാണ്.
കര്‍ണാടകയില്‍ തൊഴിലുറപ്പ് പദ്ദതിയുടെ കൂലി ഇ‍പ്രകാരം വേറെ വ്യക്തികളുടെ അക്കൗണ്ടിലേക്ക് പോകുന്നത് വ്യാപകമാകുകയും നിരവധി മാസങ്ങളൊളം ആളുകള്‍ കൂലി ലഭിക്കാതെ വരികയും ചെയ്തു. ഇത് വലിയ പ്രശ്‌നമായപ്പോള്‍ അക്കൗണ്ട് നമ്പര്‍ എതാണെന്ന് ഉറപ്പിക്കാന്‍ എല്ലാവരുടെയും അക്കൗണ്ടുകളീലേക്ക് ഒരു രൂപ ട്രാന്‍സ്ഫര്‍ ചെയ്തു കൊടുക്കേണ്ടി വന്ന പരിഹാസ്യമായ സാഹചര്യവും ഉണ്ടായി. ആളുകളെ കൃത്യമായി തിരിച്ചറിയാനെന്ന പേരില്‍ കൊണ്ടുവന്ന ഒരു സംഗതി അരെയും തിരിച്ചറിയാനാകാത്ത ഊരാക്കുടുക്കിലേക്കാണ് രാജ്യത്തെ എത്തിക്കുന്നത്. ഇവിടെ ദുരിതമനുഭവിക്കുന്നത് ഏറ്റവും പാവപ്പെട്ട മനുഷ്യരാണെന്നതാണ് നമ്മള്‍ മനസിലാക്കേണ്ട കാര്യം.
NPCI, UIDAI എന്നീ നിരുത്തരവാദപ്പരിഷകളുടെ ചെയ്തികള്‍ വെറും വിവരമില്ലായ്മയല്ല. എന്തിനോ വേണ്ടി കൊണ്ടുവന്ന ആധാര്‍ പദ്ധതിയ്ക്ക് purpose ഉണ്ടാക്കിക്കൊടുക്കാനുള്ള ശ്രമത്തിന്റെ അനന്തരഫലമാണിത്. ഒരാള്‍ക്ക് പല അക്കൗണ്ടുകള്‍ ഉണ്ടാകുമെന്നും അല്ലെങ്കില്‍ ആധാര്‍ നമ്പര്‍ തെറ്റായി സീഡ് ചെയ്യാനുള്ള സാധ്യത ഉണ്ടെന്നും മുന്‍കൂട്ടി കണ്ട് പണമിടപാട് സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്തണമായിരുന്നു എന്നും അവിടെ ആരംഭത്തില്‍ തന്നെ തെറ്റുപറ്റി എന്നും ഏഷ്യനെറ്റ് ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ സത്യമതല്ല. അക്കൗണ്ട് നമ്പറോ, IFSC കോഡോ ഇല്ലാതെ ആധാര്‍ നമ്പര്‍ മാത്രം ഉപയോഗിച്ച് ഇടപാടൂകള്‍ നടത്തണം എന്ന നിശ്ചയത്തോടെ തന്നെ ഉണ്ടാക്കിയതാണീ സംവിധാനം. അക്കൗണ്ട് നമ്പറും IFSC കോഡും മനപൂര്‍വം ഒഴിവാക്കിയതാണ്. കാരണം ഇത് രണ്ടും ഉപയോഗിച്ച് പണമിടപാടൂ നടത്താനാണെങ്കില്‍ പിന്നെ ആധാറിന്റെ പ്രസക്തിയെന്താണ്? ഒരാവശ്യവുമില്ല. അങ്ങനെ ഒരു ആവശ്യവുമില്ലാത്ത ആധാര്‍ എന്ന ഉടായിപ്പിന് ഒരു ഉപയോഗമുണ്ടാക്കിക്കൊടുക്കാനും, നിര്‍ബന്ധമല്ല എന്നു പറഞ്ഞുകൊണ്ടു തന്നെ ആളുകളെക്കൊണ്ട് നിരബന്ധിതമായി ആധാര്‍ എടുപ്പിക്കാനുമുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമാണ് NPCI യുടെ ഈ വളയമില്ലാ ചാട്ടം.
https://www.facebook.com/jijeeshpb/posts/10212576375740342

ആധാര്‍ ദേശസുരക്ഷയ്ക്കു ഭീഷണി!

0 comments

500 രൂപ; വെറും അഞ്ഞൂറു രൂപയാണ് കോടിക്കണക്കിനു രൂപ ചെലവിട്ട് പരിപാലിച്ചു പോരുന്ന 100 കോടി ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ക്ക് തട്ടിപ്പുകാര്‍ ഇട്ട വില! രഹസ്യ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി ഏകീകൃത തിരിച്ചറിയല്‍ അഥോറിറ്റിയുടെ വെബ്‌സൈറ്റില്‍ലോഗിന്‍ ചെയ്യാനുള്ള യൂസര്‍ ഐ ഡി യും പാസ്‌വേര്‍ഡും അവര്‍ വില്ക്കുന്നു. 'ദി ട്രിബ്യൂണി'ന്റെ ലേഖിക രചന ഖൈരയണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുകൊണ്ടുവന്നത്. ആധാറിന്റെ കേന്ദ്രീകൃത വിവരശേഖരത്തില്‍ (ചീഡൃ) നിന്നുമാണ് ഇത് സംഭവിക്കുന്നത് എന്നതാണ് ഇതിനെ ഏറ്റവും അപകടകരമാക്കുന്നത്. ഇതിനോടകം 1 ലക്ഷം പേര്‍ക്കെങ്കിലും ഇത്തരത്തില്‍ ആധാര്‍ ഡാറ്റാബേസില്‍ അനധികൃതമായി കടന്നുകൂടാന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

210 ഗവണ്മെന്റ് വെബ്‌സൈറ്റുകളില്‍ നിന്ന് ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ഗവണ്മെന്റ് സമ്മതിക്കുകയുണ്ടായി. റിലയന്‍സ് ജിയോയുടെ കണക്ഷന്‍ എടുത്തവരുടെ ആധാര്‍ വിവരങ്ങള്‍ <ാമഴശരമുസ.രീാ> എന്ന വെബ്‌സൈറ്റില്‍ ലഭ്യമായിരുന്നു. ആധാര്‍ വിവരങ്ങള്‍ അനധികൃതമായി ലഭ്യമാക്കുന്ന ഒരു ആന്‍ഡ്രോയിഡ് ആപ്പ് വികസിപ്പിച്ച് പ്ലേ സ്റ്റോറില്‍ അപ്‌ലോഡ് ചെയ്ത ഒരു ഐ ഐ ടി ക്കാരനെ കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ അറസ്റ്റു ചെയ്തിരുന്നു. ആധാര്‍ ഓപ്പറേറ്റര്‍മാരുടെ വിരലടയാളങ്ങള്‍ കൃത്രിമമായി നിര്‍മിച്ച്, നിയമവിരുദ്ധമായി സമാന്തര ആധാര്‍ കേന്ദ്രങ്ങള്‍ നടത്തി വന്ന സംഘം ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായിരുന്നു. ഇവര്‍ ആര്‍ക്കൊക്കെ ഏതൊക്കെ പേരില്‍ ഏതൊക്കെ വിവരങ്ങള്‍ ഉപയോഗിച്ച് ആധാര്‍ നല്കിയിട്ടുണ്ട് എന്നത് ആര്‍ക്കുമറിയില്ല. ഇന്നലെ ഇന്ത്യന്‍ വ്യോമസേന കേന്ദ്രത്തില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ പൗരന്റെ കൈവശവും ഉണ്ടായിരുന്നു 'ഒറിജിനല്‍' ആധാര്‍. 

100 കോടി ഇന്ത്യക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുന്ന ആധാര്‍ പദ്ധതി ദേശ സുരക്ഷയ്ക്കു തന്നെ ഭീഷണിയാകുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ആധാര്‍ പദ്ധതിയുടെ അടിസ്ഥാന ഡിസൈന്‍ തന്നെ വിവര ചോരണങ്ങള്‍ക്കും ചോര്‍ച്ചകള്‍ക്കും സഹായകമാണ്. സൈബര്‍ സുരക്ഷയുടെയും വിവരസുരക്ഷയുടേയും അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരുമാണ്. സൈബര്‍ സുരക്ഷ സംബന്ധിച്ച വ്യക്തമായ നയപരിപാടികളൊന്നും ഇന്ത്യക്കില്ലെങ്കിലും പൊതുവില്‍ ലോകം അംഗീകരിച്ച സൈബര്‍ സുരക്ഷയുടെ അടിസ്ഥാനപ്രമാണങ്ങള്‍ ഇവയാണ്: (1) വികേന്ദ്രീകരണവും (2) ആനുപാതികത (3)സ്വകാര്യതയും വിവരസുരക്ഷയും ഉറപ്പു വരുത്തുന്ന ഡിസൈന്‍.

(1) വികേന്ദ്രീകരണം: ഒരു ഡാറ്റ ബേസും സുരക്ഷിതമല്ല. സി ഐ എ, മൊസ്സാദ് സൈബര്‍ പൂട്ടുകള്‍ പോലും ഹാക്കര്‍മാര്‍ തുറക്കുന്ന കാലമാണ്. അതുകൊണ്ടു തന്നെ ഭീഷണി മുന്നില്‍ കണ്ടുകൊണ്ടു വേണം പദ്ധതികള്‍ക്ക് രൂപം നല്‍കുവാന്‍.എല്ലാ വിവരങ്ങളും കൂടി ഒരേ സ്ഥലത്ത് ശേഖരിക്കപ്പെട്ടാല്‍ അത് തട്ടിപ്പുകാര്‍ക്ക് ഒരു നിധിനിക്ഷേപമായിത്തീരും. എന്തെങ്കിലും സംഭവിച്ചാല്‍ തന്നെ അതുകൊണ്ടുള്ള നാശനഷ്ടം കുറയ്ക്കുവാനായി വിവരശേഖരങ്ങളെ വികേന്ദ്രീകരിക്കുകയാണ് ലോകം. ഉദാഹരണത്തിന് കേന്ദ്രീകൃത വിവരശേഖരങ്ങള്‍ക്ക് പകരം ഓരോ വ്യക്തിയുടേയും വിവരങ്ങള്‍ അടങ്ങിയ സ്മാര്‍ട്ട് കാര്‍ഡ് നല്കാം. അപ്പോള്‍ ഒരു ഹാക്കിംഗില്‍ നഷ്ടപ്പെടുക ഒരു വ്യക്തിയുടെ വിവരം മാത്രമാണ്. 100 കോടി ജനങ്ങളുടെ വിവരങ്ങള്‍ എടുക്കാന്‍ 100 കോടി സ്മാര്‍ട് കാര്‍ഡുകള്‍ കൈക്കലാക്കേണ്ടി വരും. മാത്രമല്ല മറച്ചു വയ്ക്കാനോ ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ പിന്നെ മാറ്റിയേടുക്കാനോ കഴിയാത്ത വിരലടയാളമൊക്കെ തിരിച്ചറിയലിന്റെ ആധാരമാകുമ്പോള്‍ ഭീഷണി വര്‍ദ്ധിക്കുകയാണ്. 

(2) ആനുപാതികത: വിവരങ്ങള്‍ എന്തിനു വേണ്ടിയാണോ ശേഖരിക്കുന്നത് അതിന് ആനുപാതികമായ, ആവശ്യമായ വിവരങ്ങള്‍ മാത്രമേ ശേഖരിക്കാവൂ. ഉദാഹരണത്തിന് പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം പ്രവേശിക്കാന്‍ അനുമതിയുള്ള ഒരു സ്ഥലത്ത് പ്രവേശിക്കാന്‍ ഒരു വ്യക്തിയ്ക്ക് പ്രായപൂര്‍ത്തിയായോ എന്നു മാത്രം രേഖപ്പെടുത്തിയ (18 വയസു തികഞ്ഞവര്‍ക്ക് ഒരു പ്രത്യേക നിറമുള്ള കാര്‍ഡ് നല്കാം) തിരിച്ചറിയല്‍ രേഖ മതിയാകും. ഗേറ്റിലെ സെക്ക്യൂരിറ്റി വന്നിരിക്കുന്ന ആളുടെ ജനനത്തിയതിയുംഅഡ്രസും ജാതിയും മതവും ബയോമെട്രിക് വിവരങ്ങളും ഒന്നും അറിയേണ്ട കാര്യമില്ല. ഒരുപാട് വിവരങ്ങള്‍ എല്ലായിടത്തും വെളിപ്പെടുത്തുന്നത് ദുരുപയോഗങ്ങള്‍ക്ക് കാരണമാകും. ആധാര്‍ പദ്ധതിയില്‍ വളരെ അടിസ്ഥാനപരമായ ചില വിവരങ്ങല്‍ മാത്രമെ ശേഖരിക്കുന്നൊള്ളൂ എന്ന് അവകാശപ്പെടുമ്പോഴും നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കാന്‍ കഴിയാത്ത ബയോമെട്രിക്ക് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് വലിയ പരാധീനതയാണ്. കൂടാതെ കെ വൈ ആര്‍ പ്ലസ് എന്ന പേരില്‍ എന്റോള്‍മെന്റ് സമയത്ത് മറ്റൊരു അപേക്ഷാ ഫോറത്തില്‍ ജാതിയും മതവും ബാങ്ക് അക്കൗണ്ടും ഉള്‍പ്പടെയുള്ള സമഗ്ര വിവരങ്ങള്‍കൂടി ശേഖരിച്ച് സ്റ്റേയ്റ്റ് റസിഡന്‍ഷ്യല്‍ ഡാറ്റ ഹബ് (ശൃധ്) എന്ന പേരില്‍ ആധാറുമായി ബന്ധിപ്പിച്ച് സൂക്ഷിക്കുന്നുണ്ട്. 

ആധാര്‍ ഇ-കെ.ഐ.സി സംവിധാനം സ്വകാര്യ കമ്പനികള്‍ക്ക് നമ്മുടെ വിവരങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ നല്കുന്നു എന്നതാണ് മറ്റൊന്ന്. തിരിച്ചറിയലാണ് കാര്യമെങ്കില്‍ നേരത്തെ ഉണ്ടായിരുന്നതുപോലെ വിരലടയാളം പരിശോധിക്കുന്ന സമയത്ത് ''യെസ്/നോ'' എന്ന് മാത്രം പ്രതികരണം ലഭ്യമാക്കുന്ന സംവിധാനം മതിയാകുമായിരുന്നു. 2016-ലാണ് ''യെസ്/നോ'' സംവിധാനം മാറ്റി വ്യക്തി വിവരങ്ങള്‍ സ്വകാര്യ കമ്പനിയ്ക്ക് നല്കാന്‍ ഗവണ്മെന്റ് തീരുമാനിച്ചത്.റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ കമ്പോള ചൂഷണങ്ങളുടെ വലിയ സാധ്യതകളാണ് ആധാര്‍ തുറക്കുന്നത്. ആധാര്‍-ജി.എസ്.ടി.എന്‍ വിവരങ്ങള്‍ ചേര്‍ത്താല്‍ ഒരു മാസം 320കോടി ഇടപാടൂകളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും. ജി.എസ്.ടി.എന്‍ ഒരു സ്വകാര്യ കമ്പനിയാണെന്നത് ചൂഷണ സാധ്യതകളെ വര്‍ദ്ധിപ്പിക്കുന്നു. 


(3) സ്വകാര്യതയും വിവരസുരക്ഷയും ഉറപ്പു വരുത്തുന്ന ഡിസൈന്‍: പദ്ധതി രൂപകല്‍പനയുടെ എല്ലാ തലങ്ങളും സ്വകാര്യത-സുരക്ഷാ പരിഗണനകള്‍ക്കനുസൃതമായിരിക്കണം. സാങ്കേതിക സംവിധാനങ്ങള്‍, നിയമങ്ങള്‍, മാര്‍ഗനിര്‍ദ്ദേശക രേഖകള്‍, പ്രവര്‍ത്തന മാനദണ്ഡങ്ങള്‍, സ്വകാര്യതാഘാത പഠനം, ഉപരി-സംവിധാനത്തിലെ പ്രശ്‌നങ്ങള്‍, ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മനുഷ്യരുടെ പെരുമാറ്റ ശൈലികള്‍... അങ്ങനെ എല്ലാത്തിലും ഈ ജാഗ്രത വേണം. പക്ഷേ ആധാര്‍ ഈ മേഖലകളിലെല്ലാം പരാജയപ്പെടുന്നു.

ആധാര്‍ ചോര്‍ച്ചകളെക്കുറിച്ച്അഥോറിറ്റിയുടെ പ്രതികരണങ്ങള്‍ തന്നെ ഇതു വ്യക്തമാക്കുന്നുണ്ട്. ഇത്രയൊക്കെ വെളിപ്പെട്ടിട്ടും എല്ലാം നിഷേധിക്കുന്ന സമീപനം തന്നെ വിവരസംരക്ഷണ സംവിധാനങ്ങളെക്കുറിച്ച് അധികാരികളുടെ നിര്‍മമത വ്യക്തമാക്കുന്നു. സുരക്ഷ ദൗര്‍ബല്യങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ സ്വകാര്യ കമ്പനികളും മറ്റും ആ വ്യക്തിയ്ക്ക് പ്രതിഫലവും ഉപഹാരങ്ങളും നല്കുന്ന ലോകത്ത് ആധാര്‍ പോരായ്മകള്‍ ചൂണ്ടിക്കണിക്കാന്‍ ശ്രമിച്ച രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത ചരിത്രമാണ് നമുക്കുള്ളത്. 

ട്രിബ്യൂണ്‍ റിപ്പോര്‍ട്ടിനെ സംബന്ധിച്ച് അവര്‍ നല്കുന്ന വിശദീകരണവും അപഹാസ്യമാണ്. 500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍ ആര്‍ക്കും കിട്ടും എന്നു വ്യക്തമായപ്പോഴും കേന്ദ്രീകൃത വിവരസഞ്ചയം സുരക്ഷിതമെന്ന വാദം ആവര്‍ത്തിക്കുകയണ് അഥോറിറ്റി. ആധാറിലെ പരാതി പരിഹാര സംവിധാനം വഴി ആധാര്‍ വിവരങ്ങള്‍ പരിശോധിക്കാനുള്ള സൗകര്യം ദുരുപയോഗം ചെയ്യുകയാണുണ്ടായിട്ടുള്ളതെന്നും. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ കഴിയുമെന്നും ആണ് അവരുടെ വാദം. എന്നാല്‍ 100 കോടി മനുഷ്യരുടെ വിവരങ്ങള്‍ പരസ്യമായി എന്നതാണ് യഥാര്‍ത്ഥ്യം. ഇനി അവരെ ട്രാക്ക് ചെയ്തതുകൊണ്ടെന്ത്? മാത്രമല്ല ഒരു പത്ര പ്രവര്‍ത്തക സംഗതി വെളിച്ചത്തു കൊണ്ടുവന്നതുകൊണ്ട് മാത്രമാണ് ഇത് അഥോറിറ്റി അറിഞ്ഞത്. എത്രയോ നാളുകളായി ആളുകളുടെ വിവരങ്ങള്‍ ഇങ്ങനെ മോഷ്ടിക്കപ്പെട്ടിട്ടുണ്ടാകും. രചനി ഖൈര ഇടപെട്ടില്ലായിരുന്നെങ്കില്‍ ഇനിയും എത്ര നാള്‍ ഇതു തുടരുമായിരുന്നു? ഇത് കണ്ടെത്തിയത് ഗവണ്മെന്റോ അഥോറിറ്റിയോ അല്ല എന്നത് നമ്മെ ഞെട്ടിക്കേണ്ടതാണ്. ഇത്തരത്തില്‍ വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടാല്‍ മാസങ്ങള്‍ കഴിഞ്ഞാലും അത് കണ്ടെത്താന്‍ ഇവര്‍ക്കു കഴിയില്ല എന്നതാണതിനര്‍ത്ഥം. ബയോമെട്രിക്ക് വിവരങ്ങള്‍ സുരക്ഷിതമാണ് അതുകൊണ്ട് കുഴപ്പമില്ല എന്നു പറയുന്നത് അസംബന്ധമാണ്. ഇപ്പോള്‍ പുറത്തു വന്ന വിവരങ്ങളും പ്രധാനപ്പെട്ട വ്യക്തി വിവരങ്ങളാണ്. ആധാര്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ പങ്കു വച്ചാല്‍ 3 വര്‍ഷം തടവു ശിക്ഷ വേണമെന്നു വ്യവസ്ഥ ചെയ്തതും ഇതേ അഥോറിറ്റി തന്നെയാണെന്നോര്‍ക്കണം. 


കേന്ദ്രീകൃത വിവരശേഖരം അപകടത്തിലായാല്‍ മാത്രമല്ല ഇവിടെ നഷ്ടം സംഭവിക്കുന്നത്. പദ്ധതിയുടെ വിവിധ തലങ്ങളില്‍ വിവരചോരണത്തിനുള്ള സാധ്യതകള്‍ ഉണ്ട്. എന്റോള്‍മെന്റ് കേന്ദ്രങ്ങള്‍, വെരിഫിക്കേഷന്‍ കേന്ദ്രങ്ങള്‍, ഇ-കെ.വൈ.സി കേന്ദ്രങ്ങള്‍, മൈക്രോ എ.ടി.എമ്മുകള്‍ തുടങ്ങി എല്ലായിടത്തും പ്രശ്‌നങ്ങളുണ്ടാകാം. പലപ്പോഴും സോഫ്റ്റ്‌വെയര്‍ ഹാക്കുകള്‍ ആവശ്യമില്ല. കാര്‍ഡ് ഉരയ്ക്കുന്ന യന്ത്രങ്ങളില്‍ സ്ഥാപിച്ച് തട്ടിപ്പുകള്‍ നടത്തുന്ന സ്‌കിമ്മറുകള്‍ പോലെ വിരലടയാളവും ആധാറും ശേഖരിച്ചു സൂക്ഷിക്കുന്ന ബയോമെട്രിക്ക് സ്‌കിമ്മറുകള്‍ ഉപയോഗിക്കാം. എത്രയോ ഗവണ്മെന്റ്/സ്വകാര്യ വെബ്‌സൈറ്റുകള്‍ വഴിയും ആധാര്‍ വിവരങ്ങള്‍ ലഭ്യമാകും. ആധാര്‍-വിരലടയാള വിവരങ്ങള്‍ നിയമവിരുദ്ധമായി ശേഖരിച്ച് സൂക്ഷിച്ച് ഉപഭോക്താവറിയതെ ഇടപാടുകള്‍ നടത്തിയതിന് ആക്‌സിസ് ബാങ്കിനെതിരെ യു.ഐ.ഡി.എ.ഐ.യ്ക്ക് നടപടിയെടുക്കേണ്ടി വന്നിട്ടുണ്ട്. 

ഇതിനൊക്കെയെതിരെ നമ്മെ സംരക്ഷിക്കേണ്ട ആധാര്‍ നിയമമാകട്ടെ പല്ലു തല്ലിക്കൊഴിച്ചു കളഞ്ഞ ഒരു സിംഹമാണ്. നിയമമനുസരിച്ച് ഈ ആക്ടിനു കീഴില്‍ ചെയ്യുന്ന ഒരു കാര്യത്തിനും ഗവണ്മെന്റിനെയോ ഏകീകൃത തിരിച്ചറിയല്‍ അഥോറിറ്റിയെയോ ഉദ്യോഗസ്ഥരേയൊ ശിക്ഷിക്കാനാകില്ല. ഒരു പ്രശ്‌നമുണ്ടായാല്‍ കോടതിയേപ്പോലും സമീപിക്കാന്‍ നമ്മള്‍ പൗരര്‍ക്ക് കഴിയില്ല. നടപടി ആരംഭിക്കാന്‍ ഏകീകൃത തിരിച്ചറിയല്‍ അഥോറിറ്റിയ്ക്കു മാത്രമേ സാധിക്കുകയൊള്ളൂ. സ്വയം പ്രതിയാകാന്‍ ആരാണ് തയ്യാറാകുക. സ്വകാര്യത നിയമങ്ങളില്ലാത്ത നാട്ടില്‍, സ്വകാര്യത മൗലീകാവകാശമല്ലെന്നു വാദിച്ച നാട്ടില്‍, ഇക്കാര്യങ്ങളെക്കുറിച്ചു സംസാരിക്കുന്നതു തന്നെ അര്‍ത്ഥശൂന്യമാണ്.


ഇക്കാലയളവില്‍ വിവിധ കാരണങ്ങളാല്‍ 50,000 എന്റോള്‍മെന്റ് കേന്ദ്രങ്ങളെ യു.ഐ.ഡി.എ.ഐ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. ഈ ഓപ്പറേറ്റര്‍മാര്‍ ചേര്‍ത്തിട്ടുള്ള ആധാര്‍ വിവരങ്ങളില്‍ എത്ര മാത്രം വ്യാജമാണെന്ന് ആര്‍ക്കും അറിയില്ല. ഇതിനു പുറമെയാണ് യു പി യില്‍ പിടിയിലായതുപോലെയുള്ള സമാന്തര ഏജന്‍സികള്‍. കൃത്രിമ വിരലടയാളങ്ങള്‍ ഉപയോഗിച്ച് ഇവര്‍ നല്കിയിട്ടുള്ള ആധാര്‍ നമ്പറുകള്‍. ഇതൊക്കെ കണ്ടെത്താന്‍ പ്രായോഗികമായ മാര്‍ഗങ്ങളില്ലെന്നതാണ് നമ്മെ ഭയപ്പെടുത്തുന്നത്. കോടിക്കണക്കിന് ആധാര്‍ നമ്പര്‍ ഉടമകളെ നേരിട്ട് പോയി കണ്ടെത്തി പരിശോധിച്ചുറപ്പു വരുത്തേണ്ടി വരും. നിലവില്‍ യാതൊരു വിധ പരിശോധനകളുമില്ലാതെ നല്കുന്ന ഒരേയൊരു തിരിച്ചറിയല്‍ രേഖയാണ് ആധാര്‍. ഇന്ത്യന്‍ പൗരനെന്നല്ല, ഇവിടെ വരുന്ന ഏതു വൈദേശികകര്‍ക്കും ശ്രമിച്ചാല്‍ അവര്‍ ആഗ്രഹിക്കുന്ന വിലാസത്തില്‍ 'ഒറിജിനല്‍' ആധാര്‍ ലഭിക്കുമെന്ന സാഹചര്യമാണ് നിലവിലുള്ളത്. 

റിസര്‍ ബാങ്കിന്റെ റിസര്‍ച്ച് വിംഗായ (ഈഡ്ബ്ബ്ട്) ഈയിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നതു പോലെ ''ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി, വൈദേശിക ശക്തികള്‍ക്കും ആഭ്യന്തര ശത്രുക്കള്‍ക്കുംഏളുപ്പം ഉന്നം വയ്ക്കാന്‍ കഴിയുന്ന ഒരൊറ്റ ലക്ഷ്യം ലഭ്യമായിരിക്കുന്നു. അതാണ് ആധാര്‍. മുന്‍പൊന്നും സങ്കല്പ്പിക്കാന്‍ പോലും കഴിയാത്ത തരത്തില്‍ ഇന്ത്യന്‍ ഭരണ സംവിധാനത്തെയും സമ്പദ്ഘടനയേയും തകര്‍ക്കാന്‍ ആധാര്‍ സംവിധാനത്തെ ആക്രമിക്കുന്നതിലൂടെ സാധ്യമാകും. അത്തരമൊരു ആക്രമണം സംഭവിച്ചാല്‍ ഇന്ത്യന്‍ സമ്പദ്ഘടനയ്ക്കും ഇന്ത്യന്‍ പൗരന്മാര്‍ക്കും ഉണ്ടാകുന്ന നഷ്ടം കണക്കുകൂട്ടാനാകുന്നതിനുമപ്പുറമായിരിക്കും''.ആധാറിനെക്കുറിച്ചു പഠിക്കാന്‍ നിയോഗിക്കപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റിയും സമാനമായ അഭിപ്രായത്തിലാണ് എത്തിച്ചേര്‍ന്നിരുന്നത് എന്നത് ഇവിടെ ഓര്‍മിക്കേണ്ടതുണ്ട്.

 
No 2 Aadhaar © 2011 | Designed by RumahDijual, in collaboration with Online Casino, Uncharted 3 and MW3 Forum